സമൂഹ മാധ്യമ നിയന്ത്രണം; ഹൈക്കോടതികളിലുള്ള മുഴുവൻ ഹർജികളും സുപ്രിംകോടതിയിലേക്ക് മാറ്റാൻ നിർദേശം

Supreme court judiciary

സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള മുഴുവൻ ഹർജികളും സുപ്രിംകോടതിയിലേക്ക് മാറ്റാൻ നിർദേശം. ഫേസ്ബുക്ക് സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നടപടി. നിയന്ത്രണങ്ങൾ സംബന്ധിച്ച രൂപരേഖയും മാനദണ്ഡങ്ങളും തയാറാക്കാൻ കേന്ദ്രസർക്കാരിന് ജനുവരി പതിനഞ്ചുവരെ സമയം അനുവദിച്ചു. അതേസമയം, സർക്കാരിന് വിവരങ്ങൾ കൈമാറാൻ സമൂഹ മാധ്യമങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടോയെന്ന് കോടതി ആരാഞ്ഞു.

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണം എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച ഹർജികളാണ് സുപ്രിംകോടതിയിലേക്ക് എത്തുന്നത്. മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു. എന്നാൽ, മദ്രാസ് ഹൈക്കോടതിയിലെ ഹർജികളിൽ അന്തിമവാദം അവസാനഘട്ടത്തിലാണെന്നും മാറ്റരുതെന്നും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. എന്നാൽ, എതിർപ്പ് കോടതി തള്ളി.

മാനദണ്ഡങ്ങൾ തയാറാക്കാൻ മൂന്ന് മാസം സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം അംഗീകരിച്ചു. ജനുവരി അവസാന വാരം വാദം കേൾക്കുമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പൗരന്റെ സ്വകാര്യതയിൽ കടന്നുകയറാൻ താൽപര്യമില്ലെങ്കിലും ദേശീയ സുരക്ഷ, രാജ്യത്തിന്റെ അഖണ്ഡത എന്നിവയുമായി സ്വകാര്യത ഒത്തുപോകണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top