സഞ്ചാരികളെ കാത്ത് സിയാച്ചിന്‍

കാശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശം, ഓക്‌സിജന്‍ കുറഞ്ഞയിടം, യുദ്ധഭൂമി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള സ്ഥലമാണ് സിയാച്ചിന്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പര്‍വത നിരകള്‍ വിനോദ സഞ്ചാരികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസമാണ് തുറന്നുകൊടുത്തത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് വിനോദ സഞ്ചാരം അനുവദിച്ചുള്ള പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സിയാച്ചിന് പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് കടത്തിവിടുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും.

കുമാര്‍ പോസ്റ്റ് വരെ പ്രവേശനം

സിയാച്ചിന്‍ ബേസ് ക്യാമ്പ് മുതല്‍ കുമാര്‍ പോസ്റ്റ് വരെയാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം. സമുദ്രനിരപ്പില്‍ നിന്ന് 11,000 അടി സഞ്ചരിക്കാം. സൈനികതാവളങ്ങളും പരിശീലന കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും വിനോദ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും. സിയാച്ചിന്‍ പോലുള്ള തന്ത്രപ്രധാന മേഖലകളില്‍ വിനോദ സഞ്ചാരം അനുവദിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് സൈനികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ സാധിക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

ഓപ്പറേഷന്‍ മേഘ്ദൂത്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഷിംല കരാറില്‍ സിയാച്ചിന്‍ മലനിരകളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. തുടര്‍ന്ന് ഇരുരാജ്യങ്ങളും ഈ മലനിരയ്ക്ക് അവകാശവാദം ഉന്നയിച്ചു.  ഓപ്പറേഷന്‍ മേഘദൂതിലൂടെ 1984 ലാണ് ഇന്ത്യന്‍ സൈന്യം സിയാച്ചിന്‍ മഞ്ഞുമല പിടിച്ചെടുക്കുന്നത്. അടുത്ത കാലം വരെ സാധാരണക്കാരെ സിയാച്ചിനിലേക്ക് അനുവദിച്ചിരുന്നില്ല. ചുരുക്കം ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പര്യവേഷകര്‍ക്കും പ്രവേശനം നല്‍കിയിരുന്നു.

തന്ത്രപ്രധാന മേഖല

തന്ത്രപ്രധാന മേഖലയായതിനാല്‍ കനത്ത കാവലിലാണ് പ്രദേശമുള്ളത്.  കൊടുംശൈത്യമാണ് ഇവിടുത്തെ കാലാവസ്ഥയെങ്കിലും സിയാചിന്‍ എന്ന പേരിന്റെ അര്‍ത്ഥം ‘കാട്ടുപനിനീര്‍പ്പൂക്കളുടെ ഇടം’ എന്നാണ്. ഹിമാലയ താഴ്‌വരയിലെ കാട്ടുപൂക്കളുടെ നിറഞ്ഞ സാന്നിധ്യമായിരിക്കാം ഈ പേരിനു പിന്നില്‍. നുബ്‌റ നദിയുടെ പ്രധാന ഉറവിടം സിയാചിന്‍ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More