ബോറിസ് ജോൺസന് വീണ്ടും തിരിച്ചടി; ചർച്ചക്കും നിയമനിർമാണത്തിനും മൂന്ന് ദിവസമെന്ന വ്യവസ്ഥ തള്ളി

ബ്രെക്‌സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റിനായി ജോൺസൻ മുന്നോട്ട് വെച്ച ബിൽ പാർലമെന്റ് അംഗീകരിച്ചെങ്കിലും ചർച്ചക്കും നിയമനിർമാണത്തിനും മൂന്ന് ദിവസമെന്ന വ്യവസ്ഥ തള്ളി.

നടപടികൾ താത്കാലികമായി നിർത്തിവെയ്ക്കാൻ ബോറിസ് ജോൺസൻ തീരുമാനിച്ചതോടെ ബ്രെക്‌സിറ്റ് നടപടികൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതാദ്യമായാണ് ജോൺസൻ മുന്നോട്ട് വെച്ച കരാറിന് പാർലമെന്റ് അംഗീകാരം നൽകുന്നത്. 329 എംപിമാരുടെ പിന്തുണ ജോൺസന് ലഭിച്ചു. കരാർ അംഗീകരിച്ചെങ്കിലും ജോൺസന് അധികനേരം ആശ്വസിക്കാനായില്ല. ഒക്ടോബർ 31ന് മുന്നേ യൂറോപ്യൻ യൂണിയൻ വിടാനായി ബില്ലിന്മേലുള്ള ചർച്ച 3 ദിവസത്തിനകം തീർക്കണമെന്ന ജോൺസന്റെ ആവശ്യം പാർലമെന്റ് തള്ളി. ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടണമെന്ന തന്റെ ആഗ്രഹം നടപ്പിലാകില്ലെന്ന് വ്യക്തമായതോടെയാണ് ബ്രെക്‌സിറ്റ് നടപടി നിർത്തി വെയ്ക്കാൻ ജോൺസൻ തീരുമാനിച്ചത്.

സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയന് നൽകിയ കത്തിൽ തീരുമാനം വരാൻ കാത്തിരിക്കാമെന്നാണ് പാർലമെന്റിന്റെ നിലപാട്. സമയ പരിധി നീട്ടിയാൽ വീണ്ടും തെരഞ്ഞെടുപ്പിന് മുതിരുമെന്ന് ജോൺസൻ ബില്ല് പാസാകും മുൻപ് ഭീഷണി മുഴക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top