ടെസ്റ്റ് റാങ്കിംഗ്: 12 സ്ഥാനങ്ങൾ ചാടിക്കടന്ന് കരിയർ ബെസ്റ്റ് റാങ്കിംഗിൽ രോഹിത്; ആദ്യ പത്തിൽ നാല് ഇന്ത്യക്കാർ

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമ്മയ്ക്ക് കരിയറിലെ ഏറ്റവും മികച്ച നേട്ടം. 12 സ്ഥാനങ്ങൾ ചാടിക്കടന്ന് പത്താം റാങ്കിലാണ് രോഹിത് എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പ്രകടനമാണ് രോഹിതിനു തുണയായത്. അവസാന ടെസ്റ്റിൽ നേടിയ ഇരട്ട സെഞ്ചുറിയാണ് റാങ്കിംഗിനെ ഇത്ര കാര്യമായി സ്വാധീനിച്ചത്.

രോഹിതിനൊപ്പം മറ്റു മൂന്ന് ബാറ്റ്സ്മാന്മാർ കൂടി ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. നായകൻ വിരാട് കോലി രണ്ടാമതും ചേതേശ്വർ പൂജാര മൂന്നാമതുമുണ്ട്. അജിങ്ക്യ രഹാനെ അഞ്ചാം സ്ഥാനത്താണ്. ഒൻപതാം സ്ഥാനത്തു നിന്നാണ് രഹാനെ അഞ്ചാം സ്ഥാനത്തെത്തിയത്. പട്ടികയിൽ ഒന്നാമത് ഓസീസ് താരം സ്റ്റീവ് സ്ത്തും നാലാം സ്ഥാനത്ത് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണുമാണ്.

കോലി രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും അവസാന ടെസ്റ്റിൽ തിളങ്ങാതിരുന്നത് റേറ്റിംഗിനെ ബാധിച്ചു. റാഞ്ചി ടെസ്റ്റിന് മുമ്പ് ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തും കോലിയും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഈ വ്യത്യാസം 11 പോയിന്റായി. ഇപ്പോൾ സ്മിത്തിന് 937ഉം കോലിക്ക് 926ഉം പോയിന്റുമാണുള്ളത്.

ബൗളർമാരുടെ പട്ടികയിൽ രണ്ട് താരങ്ങളാണ് ആദ്യ പത്തിലുള്ളത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുംറ ഒരു സ്ഥാനം താഴെയിറങ്ങി നാലാമതായി. ഏഴാം സ്ഥാനത്തുണ്ടായിരുന്ന അശ്വിൻ പത്തിലേക്കും വീണു. ഓസീസ് പേസർ പാറ്റ് കമ്മിൻസാണ് പട്ടികയിൽ ഒന്നാമത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top