Advertisement

2017ൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ ഉത്തർപ്രദേശിൽ: കേരളം നാലാം സ്ഥാനത്ത്

October 23, 2019
Google News 1 minute Read

 

2017ൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടന്നത് ഉത്തർപ്രദേശിൽ. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) യുടെ 2017 ലെ കണക്കുകൾ വ്യക്തമാക്കുന്നതാണ് ഇക്കാര്യം. മൂന്നു ലക്ഷത്തിലധികം കേസുകളാണ് 2017 ൽ യു.പിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കേരളത്തിന് നാലാം സ്ഥാനവും ഡൽഹിക്ക് അഞ്ചാം സ്ഥാനവുമാണ് ഉള്ളത്.

30,62,579 കേസുകളാണ് രാജ്യത്തുടനീളം 2017 ൽ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കണക്കുകൾ വ്യക്തമാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ യുപിയിൽ 3,10,084 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. രാജ്യമൊട്ടാകെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനമാണിത്. മൂന്നു വർഷങ്ങളായി യുപിയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നും കണക്കുകളിൽ ഉണ്ട്. നടക്കുന്ന കുറ്റകൃത്യങ്ങളുടെ 9.4 ശതമാനവും മഹാരാഷ്ട്രയിലും 8.8 ശതമാനവും മധ്യപ്രദേശിലുമാണ്.

2,35,846 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട കേരളത്തിനാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ നാലാം സ്ഥാനം. 2,32,066 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡൽഹിക്ക് അഞ്ചാം സ്ഥാനവും. ബിഹാർ, പശ്ചിമ ബംഗാൾ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആറും ഏഴും സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ.

അതേസമയം, നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് ഇരട്ടി കള്ളനോട്ടുകൾ പിടികൂടിയെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ടിൽ പറയുന്നു. 2017ൽ 28.1 കോടി രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. 2016ൽ 15.9 കോടി രൂപയുടെ കള്ളനോട്ടാണ് രാജ്യത്ത് പിടികൂടിയിരുന്നത്. 2017ൽ പിടികൂടിയ കള്ളനോട്ടുകളിൽ 14.97 കോടി രൂപയുടേതും 2000 രൂപയുടേതാണ്. 12.1 കോടിയുടെ വ്യത്യാസമാണ് ഒരു കൊല്ലം കൊണ്ട് ഉണ്ടായിരിക്കുന്നത്.

രണ്ട് കൊല്ലത്തിന് ശേഷമാണ് 2017ലെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്തേക്ക് എത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ തന്നെയാണ് ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ നടന്നിരിക്കുന്നത്. മഹാരാഷ്ട്രയും പശ്ചിമ ബംഗാളുമാണ് പിന്നിൽ. ദളിതുകൾക്ക് നേരെയുള്ള ആക്രമണങ്ങളും 5,082ൽ നിന്ന് 5,775 ആയി വർധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here