ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

കന്യാസ്ത്രി പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ വനിതാ കമ്മീഷൻ ഇടപെടുന്നു. ഡിജിപിയോടും സൈബർ പൊലീസിനോടും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി ഗൗരവമാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും, പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിതാ കമ്മീഷൻ നിർദേശിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന കേസിൽ ഇരയായ കന്യാസ്ത്രീ പരാതി നൽകിയിരുന്നു. അനുയായികളുടെ യൂട്യൂബ് ചാനലിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷനുകൾക്കാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്.
പീഡനത്തിന് ഇരയായ തനിക്കെതിരെ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിനെതിരെയാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പ് ഫ്രാങ്കോയുടെ അനുയായികൾ ആരംഭിച്ച ക്രിസ്റ്റ്യൻ ടൈംസ് എന്ന യുട്യൂബ് ചാനലിലൂടെ നിരന്തരം അപമാനിക്കുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കന്യാസ്ത്രീ കേസിലെ ബിഷപ്പ് എന്ന പേരിൽ ഫ്രോങ്കോ തന്നെ വീഡിയോയിൽ എത്തി അപകീർത്തി പെടുത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിക്കാരി ആരോപിക്കുന്നു. കുറവിലങ്ങാട്, കോടനാട്, കാലടി സ്‌റ്റേഷനികളിലായി ഇതേ യുട്യൂബ് ചാനലിനെ കുറിച്ച് എട്ട് കേസുകൾ ഉണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ നിയമ നടപടികൾ ഊർജിതപ്പെടുത്തണമെന്നാണ് ദേശീയ സംസ്ഥാന വനിതാ കമ്മീഷനും, കുറവിലങ്ങാട് പോലീസിനും നൽകിയ പരാതിയിലെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here