Advertisement

യൂട്യൂബ് ചാനലിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു; ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ പരാതി

October 23, 2019
Google News 1 minute Read

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന കേസില്‍ ഇരയായ കന്യാസ്ത്രീയുടെ പരാതി. അനുയായികളുടെ യുട്യൂബ് ചാനലിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കേന്ദ്ര – സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്കാണ് പരാതി നല്‍കിയത്.

പീഡനത്തിന് ഇരയായ തനിക്കെതിരെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിനെതിരെയാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പ് ഫ്രാങ്കോയുടെ അനുയായികള്‍ ആരംഭിച്ച ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യുട്യൂബ് ചാനലിലൂടെ നിരന്തരം അപമാനിക്കുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രീ കേസിലെ ബിഷപ്പ് എന്ന പേരില്‍ ഫ്രോങ്കോ തന്നെ വീഡിയോയില്‍ എത്തി അപകീര്‍ത്തി പെടുത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിക്കാരി ആരോപിക്കുന്നു. കുറവിലങ്ങാട്, കോടനാട്, കാലടി സ്‌റ്റേഷനികളിലായി ഇതേ യുട്യൂബ് ചാനലിനെ കുറിച്ച് എട്ട് കേസുകള്‍ ഉണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ നിയമ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നാണ് ദേശീയ സംസ്ഥാന വനിതാ കമ്മീഷനും, കുറവിലങ്ങാട് പോലീസിനും നല്‍കിയ പരാതിയിലെ ആവശ്യം.

അതേ സമയം, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസ് കൈമാറിയ എസ്‌ഐ മോഹന്‍ദാസിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത് വിവാദമായി. ഫ്രാങ്കോയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് അട്ടിമറിക്കാനാണ് വിചാരണ ആരംഭിക്കാനിരിക്കെയുള്ള സ്ഥലംമാറ്റമെന്ന് ആരോപണം ഉയര്‍ന്നു. മുമ്പ് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, എസ്പി ഹരിശങ്കര്‍ എന്നിവരെയും സ്ഥലം മാറ്റിയത് വിവാദമായിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായി കോടതിയില്‍ ഹാജരാകാന്‍ ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് നല്‍കി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ആണ് സമന്‍സ് നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here