‘വട്ടിയൂർക്കാവിലെ വിജയം പുതിയ ദിശാസൂചിക; ജാതിമത സങ്കുചിത ശക്തികൾക്ക് വേരോട്ടമില്ലെന്ന് തെളിഞ്ഞു’: മുഖ്യമന്ത്രി

pinarayi vijayan

വട്ടിയൂർക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമത സങ്കുചിത ശക്തികൾക്ക് കേരളത്തിൽ വേരോട്ടമില്ലെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 എംഎൽഎമാരായിരുന്നത് 93 ആയെന്നും 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽഡിഎഫിന്റെ ജനകീയ അടിത്തറയും ജനപിന്തുണയും വർധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്ഥാനത്ത് ഒരു വേർതിരിവുകൾക്കും സ്ഥാനമില്ലെന്ന് തെളിഞ്ഞു. ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങൾ. അവർക്ക് സ്വന്തമായ അഭിപ്രായമുണ്ട് എന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമുദായ നേതാക്കൻമാരുടെ തെരഞ്ഞെടുപ്പ് നിലപാടിനെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം.

പാല ആവർത്തിക്കും എന്നാണ് തങ്ങൾ പറഞ്ഞത്. അത് തന്നെയാണ് സംഭവിച്ചത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്തെന്ന ദിശാ സൂചകമാവുകയാണ്. 2016 നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായ മണ്ഡലമാണിത്. ഇവിടെയാണ് എൽഡിഎഫിന് ആരെയും ആശ്ചര്യപ്പെടുത്തുന്ന കുതിപ്പ് നേടാനായത്. യുഡിഎഫ് ബിജെപി ശക്തി കേന്ദ്രങ്ങളിൽ പോലും നല്ല ലീഡ് നേടിയാണ് വികെ പ്രശാന്ത് വിജയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top