പണിയെടുക്കാൻ മടി; മരണം അഭിനയിച്ച് കുതിര: വീഡിയോ

മടിയുള്ള ഒട്ടേറെ മനുഷ്യരെ നമുക്കറിയാം. നമ്മളിൽ പലർക്കും അല്പസ്വല്പം മടിയൊക്കെ ഉണ്ടാവും. എന്നാൽ മൃഗങ്ങൾക്ക് മടിയുണ്ടാവുമോ? ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പണിയെടുക്കാൻ മടിച്ച് മരണം അഭിനയിക്കുന്ന കുതിരയുടെ വീഡിയോ ആണ് വൈറലാവുന്നത്.
മെക്സിക്കോയിലെ ഒരു ക്ലബിലാണ് നമ്മുടെ കഥാനായകനുള്ളത്. ആളുകളെ സവാരി കൊണ്ടുപോകുക എന്നതാണ് കുതിരയുടെ ലക്ഷ്യം, വേളി കടപ്പുറത്ത് പോകുമ്പോൾ നമ്മൾ സവാരി പോകുന്ന കുതിരയെപ്പോലെ. ജിങ്ജാങ് എന്നാണ് കുതിരയുടെ പേര്. കുറച്ചു നാളായി ആര് സവാരിക്കായി പുറത്തു കേറിയാലും ഇവൻ കുഴഞ്ഞ് വീണു കളയും. ഇവിടെ ഇവനെക്കൂടാതെ വേറെയും കുതിരകളുണ്ടെങ്കിലും ഈ ബുദ്ധി ഇവനു മാത്രമാണ് തോന്നിയത്.
കുഴഞ്ഞ് നിലത്തു വീണ ജിങ്ജാങ് പിന്നെ ചത്തതു പോലെ ഒറ്റക്കിടപ്പാണ്. ചിലപ്പോൾ നാക്ക് പുറത്തിട്ട് വളരെ കൃത്യമായി മരണം അഭിനയിക്കും. ചിലപ്പോൾ അത് മറക്കും. ആദ്യമൊക്കെ സംഭവത്തിൽ പേടിയും പിന്നീട് കൗതുകമായി. ഇപ്പോൾ കുതിരയുടെ അഭിനയത്തിൽ ക്ലബ് അധികൃതർ അത്ര രസത്തിലല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here