സിലി ഉപയോഗിച്ചിരുന്ന അരിഷ്ടത്തിൽ വിഷം കലർത്താൻ ഷാജു സഹായിച്ചു; ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി

കൂടത്തായിയിലെ സിലിയുടെ കൊലപാതകത്തിൽ ഷാജുവിനെ വീണ്ടും പ്രതിരോധത്തിലാക്കി ജോളിയുടെ മൊഴി. സിലിയുടെ കൊലപാതകത്തിൽ ഷാജു തന്നെ സഹായിച്ചെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഷാജുവിന്റെ സഹായത്തോടെ അരിഷ്ടത്തിൽ വിഷം കലർത്തി സിലിയെ കൊല്ലാൻ ശ്രമിച്ചു. ജോളി മനഃപൂർവ്വം തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് രണ്ട് പേരെയും ഇരുത്തിയുളള ചോദ്യം ചെയ്യലിൽ ഷാജുവും പറഞ്ഞു. സിലി കൊലപാതകത്തിൽ ജോളിയെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുൾപ്പെടെ നാലോളം സ്ഥലങ്ങളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

രാവിലെ വടകരയിൽ നിന്ന് കൂടത്തായിയിലെത്തിച്ച ജോളിയെ ആദ്യം ഭർതൃ വീടായ പുലിക്കയത്തേക്കാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഇവിടെ ഒന്നിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. സിലിയെ കൊലപ്പെടുത്തുന്നതിന് ഷാജുവിന്റെ സഹായം തനിക്ക് ലഭിച്ചെന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. സിലി ഉപയോഗിച്ചിരുന്ന അരിഷ്ടത്തിൽ വിഷം കലർത്താൻ ഷാജു സഹായം നൽകി. പൊന്നാമറ്റത്തെ വീട്ടിലെത്തിയപ്പോൾ അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെൽഫ് ഉൾപ്പെടെ അന്വേഷണ സംഘത്തിന് ജോളി കാണിച്ചു കൊടുത്തു. തുടർന്ന് സിലി കുഴഞ്ഞു വീണ താമരശേരിയിലെ ദന്താശുപത്രിയിലും ജോളിയെ തെളിവെടുപ്പിനെത്തിച്ചു.

കോഴിക്കോട് മിംസ് ആശുപത്രിയിലും ജോളിയെ തെളിവെടുപ്പിനെത്തിച്ചു. ഇന്നും നാളെയുമായി ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. കസ്റ്റഡി കാലാവധി തീരും മുൻപ് കട്ടപ്പനയിൽ തെളിവെടുപ്പിന് ജോളിയെ കൊണ്ടുപോകാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. മറ്റന്നാൾ വൈകീട്ട് നാലിന് കസ്റ്റഡി കാലാവധി അവസാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top