ഐഎസ്എല്ലിൽ അരങ്ങേറി എ ലീഗ്; ആദ്യ പകുതിയിൽ എടികെ മൂന്നു ഗോളുകൾക്ക് മുന്നിൽ

എടികെയും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരത്തിൻ്റെ ആദ്യ പകുതി തന്നെ മത്സരഫലം നിശ്ചയിച്ച് ആതിഥേയർ. എണ്ണം പറഞ്ഞ മൂന്നു ഗോളുകളാണ് അവർ എതിരാളിയുടെ വലയിൽ അടിച്ചു കയറ്റിയത്. എലീഗിലെ വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്ന് ഈ സീസണിൽ എടികെയിലെത്തിയ ഡേവിഡ് വില്ല്യംസും റോയ് കൃഷ്ണയുമാണ് സ്കോറർമാർ. വില്ല്യംസ് രണ്ടും റോയ് ഒരു ഗോളും നേടി.

കളി ആത്യന്തം എടികെയുടെ കൈകളിൽ തന്നെ ആയിരുന്നു. ആക്രമണ ഫുട്ബോളിൻ്റെ മനോഹര പാഠങ്ങളാണ് അവർ കാഴ്ചവെച്ചത്. പൊസിഷനിൽ ഹൈദരാബാദ് മുന്നിട്ടു നിന്നെങ്കിലും ആക്രമണത്തിൽ മുന്നിട്ടു നിന്നത് എടികെ ആയിരുന്നു. റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസും ചേർന്ന ഡെഡ്ലി കോമ്പോയെ അടക്കി നിർത്താൻ ഹൈദരാബാദ് പ്രതിരോധം ഏറെ പണിപ്പെട്ടു. ചില അവസരങ്ങളിൽ ഗോൾ കീപ്പർ കമൽജിത് സിംഗും ഹൈദരാബാദിൻ്റെ രക്ഷക്കെത്തി. എന്നാൽ ഹൈദരാബാദിൻ്റെ പ്രതിരോധങ്ങളൊക്കെ 25ആം മിനിട്ടിൽ തകർന്നു.

ജാവിയർ ഹെർണാണ്ടസ് നൽകിയ മനോഹരമായ ത്രൂ ബോൾ അനായാസം വലയിലേക്ക് തിരിച്ചു വിട്ട ഡേവിഡ് വില്ല്യംസ് ഗോൾ സ്കോറിംഗിനു തുടക്കമിട്ടു. രണ്ട് മിനിട്ടിനു ശേഷം വില്ല്യംസിൻ്റെ പാർട്ണർ റോയ് കൃഷ്ണയുടെ ഊഴമായിരുന്നു. അതിനു വഴിയൊരുക്കിയത് വില്ല്യംസ് തന്നെ. ഇടതു വിങിലൂടെ കുതിച്ച വില്ല്യംസ് ബോക്സിനു പുറത്ത് നിന്ന റോയ് കൃഷ്ണക്ക് പന്ത് മറിച്ചു നൽകി. നിലം പറ്റെയുള്ള ഒരു ഷോട്ടിലൂടെ റോയ് കൃഷ്ണ അത് വലയുടെ ഇടതുമൂലയിലേക്ക് പ്ലേസ് ചെയ്തു. കമൽജിതിൻ്റെ മുഴുനീള ഡൈവിനും അവിടെ എത്താനായില്ല. 44ആം മിനിട്ടിൽ മൂന്നാം ഗോൾ. ജയേഷ് റാണ നൽകിയ ത്രൂ ബോളിൽ ഹൈദരാബാദ് എഫ്സി കളിക്കാർ ഓഫ് സൈഡ് അപ്പീൽ വിളിക്കവേ വലതു മൂലയിലേക്ക് പന്ത് പായിച്ച ഡേവിഡ് വില്ല്യംസ് രണ്ടാം ഗോൾ കണ്ടെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top