അരൂരിൽ പൂതന പരാമർശം തിരിച്ചടിയായി; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം

മന്ത്രി ജി സുധാകരന്റെ പൂതന പരാമർശം അരൂരിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ. പാർട്ടിയിൽ പൊട്ടിത്തെറികളുടെ സൂചന നൽകി, പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ജി സുധാകരൻ രംഗത്തെത്തി.
ഉപ തെരഞ്ഞെടുപ്പു നടന്ന ആറിൽ മൂന്നിടത്തും വിജയിച്ചെങ്കിലും, സിപിഐഎമ്മിന് അരൂരിലെ പരാജയമുണ്ടാക്കിയ ക്ഷീണം ചെറുതല്ല. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജി സുധാകരൻ നടത്തിയ പൂതന പരാമർശം തിരിച്ചടിയായെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ഷാനിമോൾ ഉസ്മാനെതിരായ കേസും അനവസരത്തിലുള്ളതായി. വിശദമായ പരിശോധന അരൂരിലെ തോൽവിയിൽ നടത്തണമെന്നാണ് ജില്ലാ നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. അടുത്തമാസം ചേരുന്ന സംസ്ഥാനസമിതി തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്ത് ആവശ്യമായ സംഘടനാ നടപടികൾ സ്വീകരിക്കും.
തന്റെ വാക്കുകൾ മാധ്യമങ്ങളുമായി ചേർന്ന് ചിലർ വളച്ചൊടിച്ചുവെന്നാണ് ജി സുധാകരന്റെ നിലപാട്. ആർക്കെതിരെയാണ് വിരൽചൂണ്ടേണ്ടതെന്ന് അറിയാം. തന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി വിശ്വാസി പ്രതിച്ഛായ സൃഷ്ടിക്കാൻ നടത്തിയ പ്രസ്താവനകൾ ഗുണം ചെയ്തില്ല. യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായി. എറണാകുളത്ത് അപ്രതീക്ഷിതമായുണ്ടായ വെള്ളക്കെട്ട് ഇടതുസ്ഥാനാർത്ഥിക്കാണ് ദോഷം ചെയ്തതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഉറച്ച നാലായിരത്തോളം വോട്ടുകൾ പോൾ ചെയ്യിക്കാനായില്ല. തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവരെ വോട്ടുചെയ്യിക്കാൻ നടത്തിയ ശ്രമം യുഡിഎഫ് തടയുകയായിരുന്നു. മറിച്ചായിരുന്നെങ്കിൽ എറണാകുളം പിടിച്ചെടുക്കാനാകുമായിരുന്നുവെന്നും യോഗം വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here