ബ്രിട്ടനിൽ കണ്ടെയ്‌നറിനകത്ത് കണ്ടെത്തിയ 39 മൃതദേഹങ്ങൾ ചൈനക്കാരുടെതെന്ന് സൂചന

ബ്രിട്ടനിലെ എസക്‌സിൽ കണ്ടെയ്‌നറിനകത്ത് കണ്ടെത്തിയ 39 മൃതദേഹങ്ങൾ ചൈനക്കാരുടേതാണെന്ന് സൂചന. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറി ഡ്രൈവറെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് എസക്‌സ് പൊലീസ് അറിയിച്ചു. വടക്കൻ അയർലന്റ് സ്വദേശിയായ 25കാരൻ  മോറോബിൻസണെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ പുലർച്ചെ 1.40നാണ് എസക്‌സിനടുത്തുള്ള ഗ്രേസിലെ വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിൽ നിന്ന് ലോറിയിൽ കടത്തുകയായിരുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. 38 പ്രായപൂർത്തിയായവരുടെയും ഒരു കൗമാരക്കാരന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബൾഗേറിയയിൽ നിന്ന് ഹോളിഹെഡ് വഴി ശനിയാഴ്ചയാണ് വാഹനം ലണ്ടനിലെത്തിയത്.

ലോറിയുടെ മുൻഭാഗമായ ട്രാക്ടർ യൂണിറ്റ് വടക്കൻ അയർലന്റിൽ നിന്നാണ് വന്നതെന്നും പുർഫഌറ്റിൽ നിന്നാണ് ട്രെയ്‌ലർ കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വടക്കൻ അയർലന്റിലെ രണ്ട് വീടുകൾ റെയ്ഡ് ചെയ്തു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന ക്രിമിനൽ സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ദേശീയ ക്രൈം ഏജൻസി അറിയിച്ചു.

2000 ജൂണിൽ ഇംഗ്ലണ്ട് നഗരമായ ഡോവറിൽ നിന്നും 58 ചൈനീസ് കുടിയേറ്റക്കാരുടെ മൃതദേഹങ്ങളടങ്ങിയ ലോറി പൊലീസ് പിടികൂടിയത് അന്ന് കോളിളക്കം സൃഷ്ടിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top