ഹരിയാനയിലും മഹാരാഷ്ട്രയിലും സർക്കാർ രൂപീകരണശ്രമങ്ങൾ ഊർജിതമാക്കി ബിജെപി

ഹരിയാനയിലും മഹാരാഷ്ട്രയിലും സർക്കാർ രൂപീകരണശ്രമങ്ങൾ ശക്തമാക്കി ബിജെപി. 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഹരിയാനയിൽ മന്ത്രിസഭ രൂപീകരണ അവകാശവാദം ഉന്നയിക്കാൻ ഇന്ന് ഗവർണറെ കാണും.
സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കാണുക. അതേ സമയം പത്ത് സീറ്റ് നേടിയ ജനനായക് ജനതാ പാർട്ടി ഇന്ന് യോഗം ചേർന്ന് നിലപാട് തീരുമാനിക്കും. പക്ഷെ 31 സീറ്റ് നേടിയ കോൺഗ്രസും മറ്റ് കക്ഷികളും ചേർന്നാൽ ഒരുപക്ഷെ ഹരിയാനയിൽ മറ്റൊരു കർണാടക പിറന്നേക്കാം.
2014 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 90ൽ 47 സീറ്റുകൾ നേടിയാണ് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. കോൺഗ്രസിന് അന്ന് 15 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. അന്ന് പ്രാദേശിക പാർട്ടിയായ ഇന്ത്യൻ നാഷണൽ ലോക് ദളിന് (ഐഎൻഡിഎൽ) 19 സീറ്റുകൾ ലഭിച്ചു.
ബഹുജൻ സമാജ്വാദി പാർട്ടിയും ശിരോമണി അകാലി ദളും ഓരോരോ സീറ്റ് വീതവും നേടി. ഹരിയാന ജയന്ത് കോൺഗ്രസ് രണ്ട് സീറ്റിലും ജയിച്ചു. അഞ്ച് സ്വതന്ത്രന്മാരും സഭയിലുണ്ടായിരുന്നു.
അതേ സമയം മഹാരാഷ്ട്രയിൽ രണ്ടര വർഷം ഭരണം വേണം എന്ന് ആവശ്യവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. ബിജെപി- ശിവസേന സഖ്യം 162 സീറ്റും കോൺഗ്രസ് സഖ്യം 104 സീറ്റും നേടിയിരുന്നു.
ശിവസേനയുടെ ഭാവി വാഗ്ദാനവും തെരഞ്ഞെടുപ്പിലെ പുതുമുഖവുമായ ആദിത്യ താക്കറെ വിജയിച്ചിരുന്നു. വർളി നിയമ സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ആദിത്യ താക്കറെ ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനാണ്. താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശിവസേനയുടെ യുവ നേതാവാണ് 29 കാരനായ ആദിത്യ താക്കറെ. ഉപമുഖ്യമന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി പദവിക്ക് വരെ സാധ്യത കൽപ്പിക്കുന്നുണ്ട് താക്കറെ കുടുംബത്തിലെ ഇളമുറക്കാരന്. ശിവസേന പാർട്ടി നിയമസഭാ കക്ഷി യോഗം ഇന്ന് മുംബൈയിൽ ചേരും.
അതേ സമയം ശിവസേനയുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്നാണ് ബിജെപി പാർലമെന്ററി പാർട്ടി യോഗതീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here