ഹരിയാനയിൽ നാളെ ബിജെപി- ജെജെപി സർക്കാർ അധികാരത്തിലേറും

നാളെ ഹരിയാനയിൽ ബിജെപി- ജെജെപി സഖ്യ സർക്കാർ അധികാരമേൽക്കും. നിയമസഭാ കക്ഷി നേതാവായി മനോഹർ ലാൽ ഖട്ടാറിനെ തെരെഞ്ഞെടുത്തു. ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത ചൗത്താല ഉപമുഖ്യമന്ത്രിയാകും. മുതിർന്ന നേതാക്കൾ വൈകിട്ട് ഗവർണ്ണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
ചണ്ഡീഗഡിൽ നടന്ന ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് നേതാവായി മനോഹർ ലാൽ ഖട്ടാറിനെ തെരെഞ്ഞെടുത്തത്. ഇതോടെ രണ്ടാം വട്ടവും ഖട്ടാർ ഹരിയാനയുടെ മുഖ്യമന്ത്രിയാകും.
ജെജെപിയുമായി ചേരുമ്പോൾ വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ഹരിയാന ലോക് മിത് പാർട്ടി നേതാവും എംഎൽഎ യുമായ ഗോപാൽ കാംഡെയുടെ പിന്തുണ വേണ്ടെന്ന് വെക്കാനും ധാരണയായി. ബലാത്സംഗമടക്കുള്ള കേസുകളിൽ പ്രതിയായ ഇയാളുടെ പിന്തുണക്കെതിരെ പാർട്ടിയിൽ തന്നെ പ്രതിഷേധം ശക്തമായതിനാലാണ് തീരുമാനം.
ദീപാവലി ദിവസമായ നാളെ രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
അതേ സമയം, മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച കാര്യത്തിൽ അന്തിമ ധാരണയിൽ എത്തിയിട്ടില്ല. പ്രധാനപ്പെട്ട വകുപ്പുകൾക്ക് വേണ്ടി ജെജെപി അവകാശവാദം ഒന്നയിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് പത്ത് സീറ്റുകൾ നേടിയ ജെജെപി 46 സീറ്റിന്റെ കേവല ഭൂരിപക്ഷം തികക്കാൻ ബിജെപിയെ പിന്തുണക്കാൻ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here