സിലി വധക്കേസിൽ അറസ്റ്റിലായ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

സിലി വധക്കേസിൽ അറസ്റ്റിലായ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജോളിയുടെ കസ്റ്റഡി അപേക്ഷ നീട്ടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കില്ല. ബിഎസ്എൻ എൽ ജീവനക്കാരൻ ജോൺസനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
സിലിയുടെ കേസിൽ അറസ്റ്റിലായ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് കഴിയുന്നതിനാൽ വൈകിട്ട് കൊയിലാണ്ടി കോടതിയിലാവും ഹാജരാക്കുക. ആറു ദിവസത്തെ കസ്റ്റഡി കാലയളവിൽ ജോളിയെ വിശദമായി ചോദ്യം ചെയ്യുകയും പുലിക്കയത്തും, കൂടത്തായിലും , ഓമശ്ശേരിയിലും അന്വേഷണ സംഘം തെളിവെടുപ്പും നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിൽ ജോളിയിൽ നിന്ന് നിർണായക മൊഴി ലഭിച്ചു എന്നാണ് വിവരം.
അതേസമയം, സിലിയുടെ കേസിൽ ജോളിയെ കൂടുതൽ ദിവസം പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടാൻ സാധ്യതയില്ല. പകരം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടേക്കും. അടുത്ത മാസം 2 വരെയാണ് സിലി കേസിൽ ജോളിയുടെ റിമാൻഡ് കാലാവധി. എന്നാൽ, കൊലപാതക പരമ്പരയിലെ മറ്റൊരു കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോളിയെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here