സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. നഗരസഭാ ഭരണത്തില്‍ അഴിച്ചു പണി വേണമെന്ന നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിക്കാന്‍ യോഗത്തില്‍ ധാരണയായി.

ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിലെ അതിതീവ്ര മഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടില്‍ മുക്കിയതിന് പിന്നാലെയാണ് മേയര്‍ക്കെതിരായ പടയൊരുക്കം സജീവമായത്. മേയര്‍ പരാജയമാണെന്ന് തുറന്നടിച്ച ഹൈബി ഈഡന്‍ എംപി പരസ്യ പോരിന് തുടക്കമിട്ടു. പിന്നാലെ സൗമിനി ജെയിന്‍ ഹൈബി ഈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഡൊമിനിക് പ്രസന്റേഷന്‍, എന്‍ വേണുഗോപാല്‍ തുടങ്ങിയ ജില്ലയിലെ മുതിര്‍ന്ന നേതാക്കളും മേയറെ പരസ്യമായി തള്ളിയിരുന്നു.

എന്നാല്‍ മേയര്‍ സ്ഥാനം രാജിവെക്കില്ലെന്നാണ് സൗമിനി ജെയിന്റെ നിലപാട്. എ ഗ്രൂപ്പ് പ്രതിനിധിയാണ് സൗമിനി ജെയിന്‍. എന്നാല്‍ മേയര്‍ക്കെതിരായ വികാരം ജില്ലയില്‍ ശക്തമാണ്. പരസ്യ പോര് കടുത്തതോടെയാണ് ഗ്രൂപ്പ് ഭേദമന്യേ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്. മേയറെ മാറ്റണമെന്ന ആവശ്യം നേതാക്കള്‍ കെപിസിസി പ്രസിഡന്റിനെ അറിയിക്കും.

കൊച്ചി കോര്‍പറേഷനില്‍ കുറെ മാറ്റങ്ങളുണ്ടാകും. അത് ഏതൊക്കെ തരത്തിലാണ് എങ്ങനെയാണ് എന്നതൊക്ക ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തു. ഇക്കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ടി ജെ വിനോദ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെച്ചതോടെയുള്ള ഒഴിവ് നികത്തുന്നതോടൊപ്പം മേയറെയും മാറ്റാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് സൗമിനി ജെയിന്‍. മേയറെ പിന്തുണയ്ക്കുന്ന നിലപാട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top