കൂടത്തായി കൂട്ടക്കൊല കേസ്: ജോളിയുടെ സുഹൃത്ത് പണയം വച്ചിരുന്ന സിലിയുടെ ആഭരണങ്ങൾ അന്വേഷണ സംഘം കണ്ടെത്തി

കൂടത്തായി കൂട്ടക്കൊല കേസിൽ ജോളിയുടെ ഭർത്താവ് ഷാജുവിന്റെ മുൻഭാര്യ സിലിയുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ ലഭിച്ചു. സിലിയുടെ കാണാതായ ആഭരണങ്ങളാണ് കണ്ടെത്തിയത്.
ജോളിയുടെ സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായ ജോൺസന്റെ കയ്യിലായിരുന്നു പകുതി സ്വർണം. സിലിയുടെ മരണമുണ്ടായതിന് പിന്നാലെ ജോളി നിർബന്ധിച്ച് ജോൺസണ് സ്വർണം കൈമാറുകയായിരുന്നു. 2016 ലാണ് സിലി മരിക്കുന്നത്.
പുതുപ്പാടിയിലെ സഹകരണ ബാങ്കിൽ ജോൺസൺ പണയം വച്ചിരുന്ന വളയും മാലയും സിലിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. സിലിയുടെ നാൽപതിലധികം പവൻ സ്വർണം കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
മരണമുണ്ടായതിന് പിന്നാലെ സിലി ധരിച്ചിരുന്ന സ്വർണം ആശുപത്രി ജീവനക്കാർ ജോളിക്കാണ് കൈമാറിയത്. ഇത് സിലിയുടെ ഭർത്താവ് ഷാജുവിനെ ഏൽപ്പിച്ചെന്നായിരുന്നു ജോളിയുടെ ആദ്യത്തെ മൊഴി.
എന്നാൽ സ്വർണം താൻ കണ്ടിട്ടില്ലെന്നാണ് ഷാജു അന്വേഷണസംഘത്തോട് പറഞ്ഞത്. പക്ഷെ ഇന്നലെ ജോൺസണെ ചോദ്യം ചെയ്തതിൽ നിന്ന് ജോളി നൽകിയ എട്ടേകാൽ പവൻ സ്വർണം പുതുപ്പാടിയിലെ സഹകരണ ബാങ്കിൽ പണയം വച്ചിരുന്നതായി ജോൺസൺ മൊഴി നൽകി.
അടുത്തിടെ തിരിച്ചെടുത്ത് കൈയ്യിൽ സൂക്ഷിച്ചിരുന്ന സ്വർണം ജോൺസൺ അന്വേഷണ സംഘത്തിന് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here