കപ്പ ഇപ്പോൾ പഴയ കപ്പയല്ല: ആമസോണിൽ കിലോക്ക് 300 രൂപ !

മലയാളിയുടെ പ്രിയപ്പെട്ട കപ്പ ഏലിയാസ് കൊള്ളി ഏലിയാസ് ചീനി കിഴങ്ങിപ്പോൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിലും ലഭ്യം.പക്ഷെ വില 20- 30 രൂപ ഒന്നും അല്ല കേട്ടോ… പഞ്ച നക്ഷത്ര ഹോട്ടലുകളിലെ സൂപ്പർ സ്റ്റാറായ കപ്പ ആമസോണിലെത്തുമ്പോൾ വില 300 രൂപയാണ്.
കപ്പക്കിപ്പോൾ ആകെമൊത്തത്തിൽ രാജയോഗമാണ്. എന്നാലും കൃഷിയിടങ്ങളിൽ നിന്ന് 20-22 രൂപക്കാണ് ഇടനിലക്കാർ കപ്പ വാങ്ങുന്നത്. കഴിഞ്ഞ കൊല്ലം 15 രൂപയാണ് കപ്പക്കുണ്ടായിരുന്നത്. പ്രളയത്തിൽ ഉണ്ടായ കൃഷി നാശമാണ് വില ഇത്രയെങ്കിലും കൂടാൻ കാരണം. ഇനിയും വില ഉയരാനാണ് സാധ്യത.
ആമസോണിൽ കിലോക്ക് 429 രൂപയാണിപ്പോൾ കപ്പക്ക്, ഡിസ്‌കൗണ്ട് കിഴിച്ച് 369 സാധനം വീട്ടിലോട്ട് വരും. 250 രൂപക്ക് ചില സൈറ്റുകളിൽ കപ്പയുണ്ട്. ഉൽപാദകന് 20ഉം 22ഉം കിട്ടുമ്പോഴാണ് ആമസോണിലെ ഇത്ര ഉയർന്ന വില. പക്ഷെ കുത്തക ഭീമന് ഇക്കാര്യത്തിൽ ന്യായീകരണമുണ്ട്. ഡെലിവറി, പാക്കിംഗ്, കവറിന്റെ പ്രിന്റിംഗ് എന്നിവയുടെ ചെലവ് കൂടെ എടുത്തിട്ടാണ് ഈ വില.
ശുദ്ധ കേരള ജൈവ കപ്പയാണെന്നും വാഗ്ദാനമുണ്ട്. പക്ഷെ മറ്റ് ഉൽപന്നങ്ങളെ പോലെ വിറ്റ കപ്പ ആമസോൺ തിരിച്ചെടുക്കുന്നതല്ല. കൂടാതെ കപ്പയുടെ പോഷണ മൂല്യവും സൈറ്റിൽ വിശദമായി നൽകിയിരിക്കുന്നു. കൂടാതെ ചേനയും ചേമ്പും ഒക്കെ ഓൺലൈനിലുണ്ട്. അര കിലോക്ക് 599 രൂപയാണ് ചേമ്പിന്റെ വില!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here