പാലാരിവട്ടം അഴിമതിക്കേസിൽ അന്വേഷണം ഇഴയുന്നു; ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമായില്ല

പാലാരിവട്ടം അഴിമതിക്കേസ് അന്വേഷണ സംഘത്തിൽ ആശയക്കുഴപ്പം. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസിന് ശക്തമായ തെളിവുകൾ ലഭിക്കാത്തതാണ് അന്വേഷണം ഇഴയാൻ കാരണമെന്നാണ് സൂചന.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ എഫ്‌ഐആർ സമർപ്പിച്ച് അഞ്ച് മാസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് കോടതിയിൽ ഉൾപ്പെടെ അറിയിച്ചെങ്കിലും ചോദ്യം ചെയ്യലോ അറസ്റ്റോ ആ വഴിക്ക് നീങ്ങിയിട്ടേയില്ല. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇബ്രാഹിംകുഞ്ഞിന് ഇനിയും നോട്ടീസ് നൽകിയിട്ടില്ലെന്നാണ് വിവരം.

നിലവിൽ ജയിലിലുള്ള മൂന്ന് പ്രതികളുടെ മൊഴികൾ മാത്രമാണ് വിജിലൻസിന്റെ കൈയിലുള്ളതെന്നും സൂചനയുണ്ട്. കാര്യമായ തെളിവുകൾ ശേഖരിക്കാൻ ആദ്യ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, കേസന്വേഷണം ഇഴയുന്നത് നിലവിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയേക്കും. കഴിഞ്ഞ ആഗസ്റ്റ് 30ന് അറസ്റ്റിലായ പ്രതികൾ അന്ന് മുതൽ ജയിലിൽ തുടരുകയാണ്. നേരത്തെ കരാറുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഒപ്പുവച്ച നോട്ട് ഫയൽ കാണാതായെന്ന വാർത്തകളും വന്നിരുന്നു. ഇവയെല്ലാം കേസന്വേഷണത്തെ പിറകോട്ടടിച്ചതായാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top