യുഡിഎഫ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും; തോല്‍വികള്‍ ചര്‍ച്ചയാകും

ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പാലായിലെയും കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വികള്‍ ചര്‍ച്ചയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നുംജയം നേടാനായെങ്കിലും ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തിരിച്ചടി വലിയ ക്ഷീണമാണ് മുന്നണിക്ക് ഉണ്ടാക്കിയത്.

കോട്ടപോലെ ഉറച്ചുനിന്ന മണ്ഡലങ്ങളാണ് നഷ്ടമായതെന്നത് അതിന്റെ ആഴം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുന്നണിയിലെയും ഘടകകക്ഷികളിലെയും ആഭ്യന്തര പ്രശ്‌നമാണ് പാലായിലും വട്ടിയൂര്‍ക്കാവിലും കോന്നിയിലും തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്.

ആഭ്യന്തര തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചതിലുള്ള അതൃപ്തി മുസ്‌ലിം ലീഗ് ഇതിനോടകം പ്രകടിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തെറ്റുതിരുത്തല്‍ നടപടികള്‍ സംബന്ധിച്ച ചര്‍ച്ചകളാകും യോഗത്തില്‍ പ്രധാനമായും നടക്കുക. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും നേതൃത്വം നടത്തിയേക്കും.

ഒരുവര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുവേണ്ട മുന്നൊരുക്കങ്ങളും ചര്‍ച്ചയായേക്കും. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സഭയ്ക്കകത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കും സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും മുന്നണിയോഗം രൂപം നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top