നിയമസഭാ സമ്മേളനം ആരംഭിച്ചു; പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്ക് ശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു.
ചോദ്യോത്തരവേളക്ക് ശേഷം ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുൻ മന്ത്രി ദാമോദരൻ കാളാശ്ശേരി എന്നിവർക്ക് ചരമോപചാരം അർപ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.

കോന്നി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട കെ യു ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് മഞ്ചേശ്വരത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം സി ഖമറുദ്ദീൻ സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത് വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേക്കെത്തിയ വി കെ പ്രശാന്താണ്. പിന്നാലെ അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാനും അവസാനമായി എറണാകുളത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി ജെ വിനോദും സത്യപ്രതിജ്ഞ ചെയ്തു.

പാലായിൽ നിന്ന് ജയിച്ച മാണി സി കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സഭയിൽ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ്. പൂർണ്ണമായും നിയമനിർമാണം ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കും. വാളയാർ, പാലാരിവട്ടം പാലം, പി എസ് സി ക്രമക്കേട്, എം ജി സർവകലാശാല മാർക്ക് ദാനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More