വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാകുന്നു

കേരളത്തെ ഞെട്ടിച്ച വാളയാർ കേസിലെ കേസന്വേഷണം അട്ടിമറിച്ചതിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. കേസന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് സർക്കാർ ഇടപെടൽ മൂലമാണെന്ന് ആരോപിച്ച് വിവിധ യുവജന സംഘടനകൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
രാവിലെ 10ന് യൂത്ത് കോൺഗ്രസ് എസ്പി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. ബിജെപിയും യുവമോർച്ചയും ഇന്ന് എസ്പി ഓഫീസ് മാർച്ച് നടത്തുന്നുണ്ട്. വൈകീട്ട് 5.30ന് വാളയാറിലെ പെൺകുട്ടികളുടെ വീട് കോൺഗ്രസ് നേതാവ് വിഎം സുധീരൻ സന്ദർശിക്കും.
വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
അഞ്ചുപ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് വിവരം. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി.
കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here