Advertisement

‘കണ്ണുള്ള കുരുടന്മാരായി കേരളത്തിലെ സാംസ്കാരിക നായകന്മാർ അധപതിച്ചു’; അടൂർ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബി ഗോപാകൃഷ്ണൻ

October 29, 2019
Google News 0 minutes Read

സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. വാളയാറിൽ ദുരന്തം നേരിട്ട കുടുംബത്തെ ആശ്വസിപ്പിക്കണമെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും താൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അടൂരിനയച്ച കത്തിലാണ് അദ്ദേഹത്തിൻ്റെ അഭ്യർത്ഥന. നേരത്തെ രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണത്തിനെതിരെ ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്കയച്ച കത്തിനെതിരെ ബി ഗോപാലകൃഷ്ണൻ രംഗത്തു വന്നിരുന്നു.

ബി ഗോപാലകൃഷ്ണൻ്റെ കത്ത്:

അടൂർ ജിയോട് സ്നേഹപൂർവ്വം ഒരു അഭ്യർത്ഥന. അങ്ങയുടെ ഒരു പ്രസ്താവനയിൽ മനോവേദനയോടെ ഞാൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്റെ പ്രതികരണം ചർച്ചയായപ്പോൾ അത് വേണ്ടായിരുന്നു എന്ന് എന്റെ സംഘടനയിലെ മുതിർന്നവർ സൂചിപ്പിച്ചു. ശരിയാണന്ന് എനിക്കും മനസ്സിലായി. ആയതിൽ ഖേദം നേരിട്ട് രേഖപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സമയം കിട്ടാതെ വന്നതിനാൽ കത്തെഴുതി നേരിട്ട് താങ്കളെ അറിയിക്കുവാനാണ് ഇത് എഴുതുന്നത്. കൂട്ടത്തിൽ, വാളയാറിലെ ദാരുണമായ പിഞ്ച് കുട്ടികളുടെ പീഡന സംഭവം അങ്ങയെ അറിയിക്കുവാൻ ഈ കത്തിലൂടെ ശ്രമിക്കുകയാണ്.

അങ്ങയുടെ സിനിമകൾ സാമൂഹ്യ മനസ്സാക്ഷിയെ ഏറെ ഉണർത്തുന്നതായിരുന്നു എന്ന് എപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. അത് കൊണ്ട് തന്നെ രണ്ട് പിഞ്ച് കുട്ടികളെ ഇല്ലാതാക്കിയ പ്രതികൾ നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപെടുക എന്നത് അധാർമികവും ഉണ്ടാകാൻ പാടില്ലാത്തതുമായിരുന്നു. രക്ഷപെട്ടതല്ല രക്ഷപ്പെടുത്തിയതാണന്ന് തെളിവുകൾ പറയുന്നു. പിഞ്ച് കുട്ടികളുടെ ശാപം കേരളീയ സമൂഹത്തിന് ഏൽക്കാതിരിക്കണമെങ്കിൽ ശക്തമായ സാമൂഹ്യ പ്രതികരണം ഉണ്ടാകണം. അങ്ങയെ പോലുള്ള കലാകാരന്മാർ ശരിക്കും പ്രതികരിക്കേണ്ട മുഹൂർത്തമാണ്.

അടൂർജി താങ്കളെ ഞാൻ സ്നേഹപൂർവ്വം വാളയാറിലേക്ക് ക്ഷണിക്കുന്നു. അങ്ങ് ഇവിടെ വരണം ദുരന്തം നേരിട്ട കടുംബത്തിലെ മതാപിതാക്കളെ ആശ്വസിപ്പിക്കണം പ്രതികരിക്കണം. എല്ലാ യാത്രാ സജ്ജീകരണങ്ങളും ഞാൻ ഒരുക്കാൻ തയ്യാറാണ്. താങ്കൾ കേരളപ്പിറവി ദിനത്തിൽ വന്നാൽ കൂടുതൽ നന്നായിരിക്കും. അങ്ങയോട് മാത്രമാണ് നേരിട്ട് ഇങ്ങനെ അഭ്യർത്ഥിക്കുന്നത്. കാരണം മറ്റ് സംസ്കാരിക നായകരെപ്പോലെയല്ലല്ലൊ താങ്കൾ. അവരെല്ലാം ഉത്തര ഇന്ത്യയിലെ തിരക്കിലായിരിക്കും. കണ്ണുള്ള കുരുടൻമാരായി കേരളത്തില സാംസ്കാരിക നായകർ അധ:പതിച്ച് കഴിഞ്ഞതുകൊണ്ടാണ് അങ്ങയെ പോലെയുള്ളവരോട് ഈ അഭ്യർത്ഥന നടത്തുന്നത്.

വാളയാറിൽ പ്രതിക്കും വാദിക്കും വേണ്ടി വാദിച്ചവർ ഒന്നായിരുന്നു എന്ന നീതികേട് നടന്നിരിക്കുന്നു. കേസ്സ് അട്ടിമറിക്കാൻ നിയമന്ത്രിയുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് ജനങ്ങൾ പറയുന്നു. പ്രതികളുടെ സന്തത സഹചാരിയും പലക്കാട് എം.പി രാജേഷിന്റ കുടുംബവും ഒരു വീട്ടുകാരെ പോലെ കഴിഞ്ഞവരാണന്ന് പറയുന്നു. ഇവരെല്ലാം ചേർന്നാണ് കേസ്സ് അട്ടിമറി നടത്തി ദളിത് കുടുംബത്തെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നത്. ഇത് അങ്ങനെ വെറുതെ വിട്ടു കൂടാ. മനസ്സാക്ഷി നഷ്ടപ്പെടാത്ത അങ്ങയെ പോലുള്ളവർ രംഗത്ത് വരണം. കശ്മീരിലും വടക്കെ ഇന്ത്യയിലും പശുവിനെ തപ്പിനടക്കുന്ന ജനാധിപത്യ മതേതര ബുദ്ധിജീവികളുടെ കേരളത്തിലെ മങ്ങിയ കാഴ്ചക്ക് മാറ്റം വരുത്തുവാൻ അങ്ങയുടെ പ്രതികരണത്തിനും സന്ദർശനത്തിനും കഴിയും. മാത്രമല്ല ഇത് വരെ ഇവിടെ സന്ദർശിക്കാത്ത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കുറ്റബോധത്തിനും ഉൾവിളിക്കും കാരണമാകും. മന്ത്രി ബാലനും ഒരു കുറ്റബോധമുണ്ടാകാൻ ഇത് ഇടവരുത്തുമെന്ന് എനിക്ക് ഉറപ്പാണ്. തീർച്ചയായും കേരളത്തിന്റെ ശബ്ദമായി താങ്കളുടെ പ്രതികരണവും സന്ദർശനവും മാറും. താങ്കൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഒരിക്കൽ കൂടി ഖേദം പ്രകടിപ്പിച്ച് അങ്ങയെ വാളയാറിലേക്ക് ക്ഷണിക്കുന്നു. സ്നേഹപൂർവ്വം. അഡ്വ ,ബി ഗോപാലകൃഷ്ണൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here