ഹൈദരാബാദിന് രക്ഷയില്ല; വീണ്ടും തോൽവി

ജംഷഡ്പൂർ എഫ്സിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് പരാജയം. ആദ്യ മത്സരത്തിൽ എടികെയോട് മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ട ഹൈദരാബാദ് ഈ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയം രുചിച്ചത്. ഫറുഖ് ചൗധരി, അനികേത് ജാദവ്, സെർജിയോ കാസ്റ്റെൽ എന്നിവരാണ് ജംഷഡ്പൂരിൻ്റെ സ്കോറർമാർ. മാഴ്സലീഞ്ഞോയാണ് ഹൈദരാബാദിൻ്റെ ആശ്വാസ ഗോൾ നേടിയത്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ജംഷഡ്പൂർ ഇതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

മത്സരത്തിലുടനീളം ജംഷഡ്പൂർ തന്നെയാണ് ആധിപത്യം പുലർത്തിയത്. തട്ടിക്കൂട്ടിയുണ്ടാക്കിയ ടീമെന്ന ലേബൽ ആദ്യ മത്സരത്തിൽ തന്നെ ചാർത്തിക്കിട്ടിയ ഹൈദരാബാദ് ആ വിശേഷണം തുടരുന്ന കാഴ്ചയാണ് കളിയിൽ കണ്ടത്. തീർത്തും ഓർഗനൈസ്ഡ് അല്ലാത്ത പ്രതിരോധം, എന്തിനോ വേണ്ടി തിളക്കുന്ന മധ്യനിര, അലസമായി ഉഴറി നടക്കുന്ന മുന്നേറ്റം. ആകെ രണ്ട് പേരുടെ പ്രകടനം ഇതിൽ നിന്ന് മാറ്റി നിർത്താം. മാഴ്സലീഞ്ഞോയും ആദിൽ ഖാനും.

34ആം മിനിട്ടിലാണ് കളിയിലെ ആദ്യ ഗോൾ പിറന്നത്. പിറ്റിയുടെ പവർഫുൾ ഷോട്ട് ഗോൾ കീപ്പർ തട്ടി അകറ്റിയെങ്കിലും പന്ത് ഫറൂഖ് ചൗധരിയുടെ കാൽക്കലാണ് വീണത്. അത് അനായാസം ഫറൂഖ് വലയ്ക്കുള്ളിലാക്കി.

കളിയുടെ ഒഴുക്കിനനുസരിച്ച് വീണ ഗോളോടെ ഹൈദരാബാദ് ഒന്ന് ഉണർന്നതു പോലെ തോന്നി. പക്ഷേ, അതൊന്നും ബോക്സിൽ എത്തിയില്ല. ജംഷഡ്പൂരിൻ്റെ ലീഡിൽ ആദ്യ പകുതി അവസനിക്കുമെന്ന് കരുതിയിരിക്കെ ഹൈദരാബാദിൻ്റെ സ്റ്റാർ പ്ലയർ മാഴ്സലീഞ്ഞോ അവരുടെ രക്ഷക്കെത്തി. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ രോഹിത് കുമാറിൽ നിന്ന് പന്ത് സ്വീകരിച്ച മാഴ്സലീഞ്ഞോ ഒരു ഡിഫൻഡറെ അനായാസം മറികടന്ന് ബോക്സിനുള്ളിലെത്തി. ആംഗിൾ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ച ഡിഫൻഡറെ മറികടന്ന ഷോട്ട് ഗോൾ കീപ്പർ സുബ്രതാ പാലിൻ്റെ കൈകളിൽ സ്പർശിച്ച് വല തുളച്ചു. സ്കോർ സമാസമം.

ആദ്യ പകുതി ഓരോ ഗോളുകൾ വീതമടിച്ച് പിരിഞ്ഞ ഇരു ടീമുകളും രണ്ടാം പകുതിയിൽ അല്പം കൂടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. വിശേഷിച്ചും, ഹൈദരാബാദ് എഫ്സി അല്പം കൂടി അച്ചടക്കമുള്ള പ്രകടനങ്ങൾ നടത്തി. ഇതിനിടെ 58ആം മിനിട്ടിൽ ജംഷഡ്പൂർ എഫ്സി ആദ്യ സബ്സ്റ്റിറ്റ്യൂഷൻ നടത്തി. ഐസക്കിനു പകരം അനികേത് ജാദവിനെ ഇറക്കിയ പരിശീലകൻ്റെ തന്ത്രം നാലു മിനിട്ടിനുള്ളിൽ തന്നെ ഫലം കണ്ടു. കീഗൻ പെരേരയുടെ ത്രൂ ബോൾ സ്വീകരിച്ച ഫറുഖ് ചൗധരി ബോക്സിലേക്ക് നൽകിയ ക്രോസ് ഒരു പവർഫുൾ ഷോട്ടിലൂടെ ജാദവ് വലയിലേക്ക് തിരിച്ചു വിട്ടു.

വീണ്ടും ജംഷഡ്പൂരിൻ്റെ ആക്രമണങ്ങളാണ് കണ്ടത്. ചില ഒറ്റപ്പെട്ട ആക്രമണങ്ങൾ ഹൈദരാബാദ് എഫ്സി നടത്തിയെങ്കിലും അതിനൊന്നും മൂർച്ച ഉണ്ടായില്ല. 75ആം മിനിട്ടിൽ സെർജിയോ കാസ്റ്റൽ വീണ്ടും ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി സ്കോർ ചെയ്തു. മെമോ നൽകിയ ലോബ് സ്വീകരിച്ച കാസ്റ്റൽ രണ്ട് ഡിഫൻഡർമാരെ മറികടന്ന് അദ്ദേഹം വലയിൽ നിക്ഷേപിച്ചു.

തിരിച്ചടിക്കാനുള്ള ഹൈദരാബാദിൻ്റെ ആക്രമണങ്ങളുടെ മുനയൊടിച്ച് സുരക്ഷിതമായ കളി കാഴ്ച വെച്ചതോടെ തുടർച്ചയായ രണ്ടാം ജയവും പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനവും ജംഷഡ്പൂരിനു സ്വന്തം. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഹൈദരാബാദ് എഫ്സി പട്ടികയിൽ അവസാനമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top