കരമന കൂടത്തിൽ മരണം; രവീന്ദ്രൻ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതായി ക്രൈംബ്രാഞ്ച്

കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പും, ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ കുരുക്ക് മുറുകുന്നു. ജയമാധവന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രവീന്ദ്രൻ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതായി ക്രൈംബ്രാഞ്ച്. ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ജില്ലാ ക്രൈംബ്രാഞ്ച് എസി എംഎസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. ജയമാധവൻ നായർ മരിച്ച ദിവസം മുൻകാര്യസ്ഥൻ സഹദേവൻ പറഞ്ഞയച്ച ഓട്ടോയിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന മൊഴിയാണ് 2016ൽ ലോക്കൽ പൊലീസിന് കാര്യസ്ഥൻ രവീന്ദ്രൻ നൽകിയത്. 2018ൽ ക്രൈംബ്രാഞ്ച് അന്വേഷണം വന്നപ്പോൾ താൻ വിളിച്ച് വരുത്തിയ ഓട്ടോയിലാണ് ജയമാധവൻ നായരെ കൊണ്ട് പോയതെന്ന് രവീന്ദ്രൻ തിരുത്തി. ഈ രണ്ട് മൊഴികളുടെയും പകർപ്പ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു. ഈ മൊഴികളിലെ വൈരുദ്ധ്യമാണ് കേസിൽ രവീന്ദ്രൻ നായരുടെ പങ്കിലേക്ക്  വിരൽ ചൂണ്ടുന്നത്. ജയമാധവൻനായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടിവന്ന ശേഷമേ രവീന്ദ്രൻ നായരെ വിശദമായി ചോദ്യം ചെയ്യു.

അതേസമയം, രവീന്ദ്രൻ നായരുടെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി മരവിപ്പിച്ചു. ജില്ലാ സഹകരണ ബാങ്കിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
പരാതിക്കാരിയായ പ്രസന്നകുമാരിയുടെയും, ബന്ധുക്കളുടെയും മൊഴിയും സമാന്തരമായി അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top