‘ഇത് ബിജെപിയുടെ കുപ്പത്തൊട്ടിയാക്കി’; ശ്രീധരൻ പിള്ളയെ ഗവർണറാക്കിയതിനെതിരെ മിസോറമിൽ പ്രതിഷേധം

ps sreedharan pillaiaa

കേരള ബിജെപിയുടെ മുൻ അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ മിസോറമിൽ പ്രതിഷേധം. ബിജെപി നേതാക്കളെ കൊണ്ടുവന്ന് തള്ളാനുള്ള കുപ്പത്തൊട്ടിയാക്കി കേന്ദ്രം മിസോറമിനെ മാറ്റിയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ടെലഗ്രാഫാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമിൽ ബിജെപി നേതാക്കളെ കൊണ്ടുവന്ന് തള്ളുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മിസോറാം സിര്‍ലൈ പൗള്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് രാംദിന്‍ലിയാന റെന്ത്‌ലെ പറഞ്ഞു. മിസോറമിലെ ജനങ്ങളെ സ്വാധീനിച്ച് സംസ്ഥാനത്തു കയറിക്കൂടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“കേന്ദ്രം മൃദുഭാഷികളായ ബിജെപി നേതാക്കളെ ബുദ്ധിപൂർവം അയക്കുകയാണ്. ബിജെപിയെ വെറുക്കുന്ന മിസോറം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണ് അവരുടെ ധർമ്മം. ശ്രീധരൻ പിള്ളയെ ഗവർണർ ആക്കുക വഴി സംസ്ഥാനത്തേക്ക് കടന്നുകയറാനാണ് ബിജെപി ശ്രമിക്കുന്നത്.”-രാംദിന്‍ലിയാന റെന്ത്‌ലെ പറഞ്ഞു.

2014ൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഒൻപത് ഗവർണമാരാണ് മിസോറമിൽ വന്നു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ഏതായാലും ആരായാലും വിദ്യാര്‍ത്ഥി സംഘടന സ്വാഗതം ചെയ്യുന്നു. പക്ഷേ, രാജ് ഭവൻ കസേര കളിക്ക് ഉപയോഗിക്കാൻ പാടില്ല. സ്ഥിരമായി ഒരു ഗവര്‍ണര്‍ വരികയാണെങ്കില്‍ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

വെള്ളിയാഴ്ച്ചയാണ് മിസോറാമിന്റെ 15-ാമത്തെ ഗവര്‍ണറായി ശ്രീധരന്‍ പിള്ളയെ നിയമിച്ചത്. മിസോറാം ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയും രണ്ടാമത്തെ ബിജെപി നേതാവുമാണ് പിഎസ് ശ്രീധരൻ പിള്ള. ബിജെപി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനായിരുന്നു മുൻപത്തെ മിസോറം ഗവര്‍ണർ. പത്ത് മാസത്തിനു ശേഷം അദ്ദേഹം ഗവർണർ സ്ഥാനം രാജി വെച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ച്ച് 8ന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. അദ്ദേഹം രാജിവെച്ചതു മുതൽ അസം ഗവര്‍ണര്‍ ജഗ്ദീഷ് മുഖിക്കായിരുന്നു മിസോറമിന്റെ അധിക ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top