പാലാരിവട്ടം പാലം അഴിമതിക്കേസ്; ആർഡിഎസ് കമ്പനിയുടെ നാലരക്കോടി രൂപ പിടിച്ചെടുത്തു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. പാലത്തിന്റെ കരാറുകാരായ ആർഡിഎസ് കമ്പനിയുടെ നാലരക്കോടി രൂപ, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ പിടിച്ചെടുത്തു.

പാലം തകർന്ന സാഹചര്യത്തിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പെർഫോമിംഗ് ഗ്യാരന്റിയായി ആർഡിഎസ് കമ്പനിക്ക് നൽകിയിരുന്ന നാലരക്കോടി രൂപ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. ആർബിഡിസി എംഡിയുടെ നേതൃത്വത്തിൽ കമ്പനിയുടെ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലെ പണമാണ് പിടിച്ചെടുത്തത്.

കരാർ പ്രകാരം നിർമാണം നല്ല രീതിയിൽ നിർവഹിച്ച് കഴിഞ്ഞാൽ പെർഫോമൻസ് ഗ്യാരന്റി റിലീസ് ചെയ്ത് കരാറുകാർക്ക് കൊടുക്കുന്നതാണ് രീതി. കരാറിൽ പറയുന്നത് പ്രകാരം നിർമാണം നടത്താതിരുന്നാൽ ഈ തുക സർക്കാരിന് കണ്ടുകെട്ടാമെന്നുള്ള കരാർ വ്യവസ്ഥ പ്രകാരമാണ് പണം കണ്ടുകെട്ടിയത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഇതു സംബന്ധിച്ച നിർദേശം പൊതുമരാമത്ത് മന്ത്രിക്ക് മുന്നിൽ വെയ്ക്കുകയും ഇക്കാര്യം പരിശോധിച്ച മന്ത്രി തുക കണ്ടുകെട്ടുന്നതിന് അനുമതി നൽകുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top