തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ മേഖല രൂപപ്പെട്ടതിനാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ന്യൂനമര്‍ദം കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള – ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ വരും മണിക്കൂറുകളില്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ ഒരു കാരണവശാലും കേരളം തീരത്തും കന്യാകുമാരി മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തണം.

തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളിലെ കനത്ത മഴമൂലം താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 1077 ബന്ധപ്പെടാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top