മാതാപിതാക്കൾ രക്ഷാപ്രവർത്തനം കണ്ടിരുന്നു; രണ്ട് വയസ്സുകാരി ബക്കറ്റിൽ വീണ് മരിച്ചു

കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ് രണ്ടര വയസ്സുകാരൻ മരണപ്പെട്ടത്. രാജ്യം മുഴുവൻ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും രക്ഷാപ്രവർത്തനത്തിനായി കാത്തിരുന്നെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇതിനിടെയാണ് മറ്റൊരു മരണ വാർത്ത കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാതാപിതാക്കൾ പ്രാർത്ഥനയോടെ ടിവിക്ക് മുന്നിലിരിക്കുമ്പോൾ രണ്ട് വയസ്സുകാരിയായ മകൾ ബക്കറ്റിൽ വീണ് മരണപ്പെടുകയായിരുന്നു.
തൂത്തുക്കുടിയിലെ ത്രസ്പുരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുജിത്തിനെ രക്ഷിക്കാനുള്ള ദൗത്യം മാതാപിതാകൾ ടിവിയിൽ കണ്ടുകൊണ്ടിരിക്കെ മകൾ രേവതി കുളിമുറിയിലെ വെള്ളത്തിൽ വീണ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് അടുത്തില്ലെന്ന് മനസ്സിലാക്കി തിരഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന മകൾ രേവതിയെയാണ്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. നാല് ദിവസം നീണ്ട രക്ഷാപ്രവർത്തനം വിഫലമാക്കി കുട്ടി മരണപ്പെടുകയായിരുന്നു. പുലർച്ചെ 4.45 ഓടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്.
രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ടാണ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ തിങ്കളാഴ്ച കുട്ടി മരിച്ചതായി കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ കുഴർ കിണറിൽ നിന്ന് ദുർഗന്ധം വമിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ അന്തിമഫലം പുറത്ത് വന്നതോട് കൂടിയാണ് സുജിത് വിൽസന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമമാരംഭിച്ചത് എന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു.
പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മൃതദേഹം വീണ്ടും ആറടിയോളം താഴ്ചയിലേക്ക് വീണിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങൾ ഘട്ടം ഘട്ടമായാണ് പുറത്തെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here