Advertisement

പ്രണയബന്ധങ്ങൾക്ക് തടസം നിന്ന അമ്മയെ കാമുകന്റെ സഹായത്തോടെ കൊന്ന് ചാക്കിലാക്കി; വിദ്യാർത്ഥിനിയും കാമുകന്മാരും അറസ്റ്റിൽ

October 30, 2019
Google News 0 minutes Read

പ്രണയബന്ധങ്ങൾക്ക് തടസം നിന്ന അമ്മയെ ഏകമകൾ കാമുകൻ്റെ സഹായത്തോടെ കൊന്ന് ചാക്കിലാക്കി. മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ച അമ്മയുടെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ മകള്‍ കീര്‍ത്തി റെഡ്ഡി, കാമുകന്മാരായ ശശി, ബാല്‍ റെഡ്ഡി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കീർത്തി റെഡ്ഡിയുടെ അമ്മ രജിത റെഡ്ഡിയെയാണ് മകളും കാമുകനായ ശശിയും ചേർന്ന് കൊലപ്പെടുത്തിയത്. ബാൽറെഡ്ഡി എന്ന യുവാവുമായി പ്രണയത്തിലായിരുന്നു കീർത്തി. ഈ വിവാഹത്തിന് മാതാപിതാക്കൾക്ക് സമ്മതമായിരുന്നു. എന്നാൽ, ഇതോടൊപ്പം കീർത്തി അയൽവാസിയായ ശശിയുമായും പ്രണയ ബന്ധം പുലർത്തി. ഇതറിഞ്ഞ അമ്മ രജിത റെഡ്ഡി ഈ ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് രജിതയെ കൊല്ലാൻ ഇരുവരും ചേർന്ന് തീരുമാനിച്ചത്.

ഒക്ടോബർ 19ന് കീർത്തി ശശിയെ വീട്ടിലേക്ക് ക്ഷണിക്കുകയും ഉറങ്ങിക്കിടന്ന രജിതയുടെ കഴുത്തിൽ സാരി ചുറ്റി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഒരു ചാക്കിലാക്കിയ മൃതദേഹം മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ചു. തൊട്ടടുത്ത മുറിയിൽ കീർത്തിയും ശശിയും ഇത്ര ദിവസങ്ങൾ ഒരുമിച്ച് താമസിച്ചു. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ മൃതദേഹം ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചു. ശശിയുടെ കാറിൽ തുമ്മലഗുഡിയിലുള്ള റെയില്‍പാളത്തിലേക്ക് പോയി അവിടെ രജിതയുടെ മൃതദേഹം ഉപേക്ഷിച്ചു. ഇതിനു ശേഷം കീർത്തി കാമുകൻ ബാൽറെഡ്ഡിയുടെ വീട്ടിലേക്കു പോയി.

ലോറി ഡ്രൈവറായ അച്ഛൻ ശ്രീനിവാസ് റെഡ്ഡി യാത്രയിലായിരുന്ന സമയത്തായിരുന്നു കൊലപാതകം. യാത്ര കഴിഞ്ഞെത്തിയ ശ്രീനിവാസ് രജിതയെ കാണാതെ പരിഭ്രമിച്ചു. മകളെ വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചപ്പോൾ മകൾ അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതിപ്പെട്ടു. അച്ഛൻ മദ്യപാനിയാണെന്നും അമ്മയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും കീർത്തി പരാതിയിൽ സൂചിപ്പിച്ചു.

ഇതിനിടെ കീർത്തിയുടെ അച്ഛൻ ശ്രീനിവാസിനെ ബാൽ റെഡ്ഡിയുടെ അച്ഛൻ കാണാനെത്തിയത് കേസിലെ വഴിത്തിരിവായി. രണ്ടു ദിവസം കീർത്തി തൻ്റെ വീട്ടിലുണ്ടായിരുന്നെന്നും അമ്മയും അച്ഛനും ആശുപത്രിയിലാണെന്ന് കീർത്തി പറഞ്ഞുവെന്നും ബാൽ റെഡ്ഡിയുടെ അച്ഛൻ ശ്രീനിവാസിനോടു പറഞ്ഞു. ഇക്കാര്യം ശ്രീനിവാസ് പൊലീസിനെ അറിയിച്ചു.

അച്ഛൻ മർദ്ദിച്ചതിനാൽ അമ്മ ആത്മഹത്യ ചെയ്തതാവാമെന്നായിരുന്നു കീർത്തിയുടെ മൊഴി. എന്നാൽ മൊഴിയിലെ പൊരുത്തക്കേടുകളെത്തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കീർത്തി കുറ്റം സമ്മതിച്ചു. കാണാതായി ഒരാഴ്ചക്ക് ശേഷമാണ് രജിതയുടെ മൃതദേഹം കണ്ടെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here