ഇന്ന് അതിശക്തമായ മഴയും കാറ്റും; ഓറഞ്ച് അലേർട്ട് ആറ് ജില്ലകളിലായി ഉയർത്തി

ഇന്ന് സംസ്ഥാനത്ത് കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് നിലവിലുണ്ടായിരുന്ന ഓറഞ്ച് അലേർട്ട് ആറു ജില്ലകളിലായി ഉയർത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് മുന്നറിയിപ്പുണ്ട്.
ദക്ഷിണ ശ്രീലങ്കൻ തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴ തുടരും. മലപ്പുറത്തും കോഴിക്കോടും നാളെ ഓറഞ്ച് അലേർട്ടുണ്ട്.
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പുലർത്തണം. ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിലും, അപകട മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ന്യൂനമർദ പ്രഭാവമുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കേരള തീരത്തും കന്യാകുമാരി- മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അത്യാവശങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1077ൽ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here