കണ്ണൂരില്‍ ക്വാറിയെ പേടിച്ച് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പഠനം നിര്‍ത്തി

കണ്ണൂരില്‍ ക്വാറിയെ പേടിച്ച് ഒരു സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പഠനം നിര്‍ത്തി. പെരിങ്ങോം പഞ്ചായത്തിലെ പെടേന ഗവ. എല്‍പി സ്‌കൂളിലെ കുട്ടികളാണ് തൊട്ടടുത്തുള്ള ക്വാറികളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സ്‌കൂളിലേക്ക് വരാതായത്. കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സ്‌കൂളിലെ 55 കുട്ടികളും രണ്ടുദിവസം മുമ്പാണ് പഠനം നിര്‍ത്തിയത്. സ്‌കൂളിന്റെ അരക്കിലോമീറ്റര്‍ പരിധിയില്‍ നാല് ക്വാറികളാണ് ഉള്ളത്. ക്വാറികളിലെ സ്‌ഫോടനം കാരണം സ്‌കൂള്‍ ചുമരുകളില്‍ വിള്ളല്‍ വീണു.

മലിനീകരണം മൂലം കുട്ടികള്‍ക്ക് നിരവധി രോഗങ്ങളും പിടിപ്പെട്ടു. കഴിഞ്ഞ ദിവസം ക്വാറിയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് കുട്ടികളുടെ ഉച്ചഭക്ഷണം പോലും ബെഞ്ചില്‍ നിന്ന് മറിഞ്ഞു വീണു. ഇതോടെയാണ് ഇനി കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കേണ്ടെന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചത്.

നൂറിലേറെ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളാണിത്. കുട്ടികളുടെ എണ്ണം ഇപ്പോള്‍ പകുതിയായി. ഈ വര്‍ഷം പുതുതായി എത്തിയത് ഏഴ് പേര്‍ മാത്രം. രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും ചേര്‍ന്ന് മുഖ്യമന്ത്രിയ്ക്കടക്കം പരാതിയും നല്‍കി. ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാതെ കുട്ടികളെ സ്‌കൂളിലെക്ക് അയക്കേണ്ടെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. ക്വാറികളെ നിയന്ത്രിച്ചില്ലെങ്കില്‍ അടച്ചു പൂട്ടേണ്ടി വരിക ഒരു സര്‍ക്കാര്‍ സ്‌കൂള്‍ കൂടിയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top