മഴ മാറുന്നില്ല; രണ്ടാംവിള നെല്ല് കൊയ്‌തെടുക്കാനാകാതെ കുട്ടനാട്ടിലെ കര്‍ഷകര്‍

വിളവെടുക്കാന്‍ പ്രായമായ ഹെക്ടറു കണക്കിന് നെല്‍ കൃഷിയാണ് വെള്ളത്തില്‍ പുതഞ്ഞ് നശിക്കുന്നത്. പ്രളയകാലത്തെ അതിജീവിച്ച് കഴിഞ്ഞ തവണ 100 മേനിയുടെ വിളവ് കൊയ്തവരാണ് കുട്ടനാട്ടുകാര്‍. എന്നാല്‍ കാലം തെറ്റി പെയ്യുന്ന കാലവര്‍ഷം ഇത്തവണ കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയ കര്‍ഷകരുടെ സ്വപ്നങ്ങളും വെള്ളത്തില്‍ മുക്കുകയാണ്.
രണ്ടാംവിള കൊയ്ത്തിന് കര്‍ഷകര്‍ തയാറെടുക്കുമ്പോഴാണ് ശക്തമായ മഴയെത്തിയത്. മിക്ക പാടങ്ങളിലെയും നെല്‍ച്ചെടികള്‍ വീണുപോയി. മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി കാലങ്ങളില്‍ പെയ്യുന്ന മഴ തിരിച്ചടിയായി. വെള്ളം ഒഴിയാതെ കൊയ്ത്ത് യന്ത്രങ്ങള്‍ ഇറക്കാനുമാകില്ല. അധികൃതര്‍ കൃഷി സ്ഥലം വന്ന് കണ്ട് പോയതല്ലാതെ സഹായത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
മടവീഴ്ചയ്ക്ക് ശേഷം 7400 ഹെക്ടറിലെ രണ്ടാംവിള കൃഷി മാത്രമാണ് കുട്ടനാട്ടില്‍ സംരക്ഷിക്കാനായത്. ഇവയില്‍ ഭൂരിഭാഗവും കൊയ്‌തെടുക്കാനാകാതെ നശിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കര്‍ഷകര്‍ പറയുന്നു.