ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പിനായുള്ള ബോറിസ് ജോൺസന്റെ ശ്രമങ്ങളെ തടഞ്ഞ് പ്രതിപക്ഷം

ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമങ്ങളെ തടഞ്ഞ് പ്രതിപക്ഷം. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന ജോൺസന്റെ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.

ഒക്ടോബർ 31ന് മുൻപ് യൂറോപ്യൻ യൂണിയൻ വിടുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബോറിസ് ജോൺസൻ ആരംഭിച്ചത്. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താൻ അനുമതിതേടി ജോൺസൻ അവതരിപ്പിച്ച ബിൽ പാർലെമന്റ് തള്ളി. കരാറില്ലാതെ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്നു വ്യക്തമായി ഉറപ്പു തന്നാൽ തെരഞ്ഞെടുപ്പ് നിർദേശം പരിഗണിക്കാമെന്ന് ലേബർ നേതാവ് ജറമി കോർബിൻ പറഞ്ഞു. ഡിസംബർ ഒൻപതിനു തെരഞ്ഞെടുപ്പാകാമെന്ന നിർദേശവുമായി പ്രതിപക്ഷത്തെ സ്‌കോട്ടിഷ് നാഷണൽ പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ സഹകരണം കൂടാതെ തെരഞ്ഞെടുപ്പ് പ്രമേയം പാർലമെന്റിൽ പാസാക്കാൻ ഇപ്പോഴത്തെ നിലയിൽ സാധ്യമല്ല.

ബ്രെക്‌സിറ്റ് കാലാവധി 2020 ജനുവരി 31 വരെ നീട്ടി നൽകാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ ജോൺസൻ പാർലമെന്റിൽ അവതരിപ്പിച്ചത്. 27 ഇ.യു അംഗരാജ്യങ്ങൾ സംയുക്തമായി എടുത്ത തീരുമാനം യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചാൽ ജനുവരിക്ക് മുൻപ് യൂറോപ്യൻ യൂണിയൻ വിടാൻ തടസ്സമില്ലെന്നും ടസ്‌ക് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top