സൗദി അറേബ്യയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി

സൗദി അറേബ്യയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എഗ്രിമെന്റാണ് ഒപ്പുവെച്ച കരാറുകളിൽ പ്രധാനം. സൗദി സന്ദർശനത്തിന്റെ ഭാഗമായി, സൗദി രാജാവുമായും ജോർദാൻ രാജാവുമായും റിയാദിൽ വെച്ച് നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമാണ് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എഗ്രിമെന്റാണ് ഇതിൽ പ്രധാനം. കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കും തന്ത്രപ്രധാന മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ സാധിക്കും. ഇതിന് മുമ്പ് എട്ട് രാജ്യങ്ങളുമായി സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കരാർ ഒപ്പ് വെച്ചിട്ടുണ്ട്. പ്രതിരോധം, സുരക്ഷ, ഊർജ, വാണിജ്യ മേഖലകളിലെ സഹകരണം വർധിപ്പിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ്, ഹജ്ജ് തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവ ഒപ്പുവെച്ച കരാറുകളിൽപ്പെടും.
ഇരു രാജ്യങ്ങളിലെയും നിക്ഷേപം വർധിപ്പിക്കാനും ധാരണയായി. നേരത്തെ സൗദി ഭരണാധികാരി സൽമാൻ രാജാവുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വകുപ്പുകളുടെ മന്ത്രിമാരുമായും, ജോർദാനിലെ അബ്ദുള്ള രാജാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സംഗമത്തിൽ പ്രധാനമന്ത്രി സംസാരിച്ചു. നിക്ഷേപ സൗഹൃദ രാജ്യമാണ് ഇന്ത്യയെന്നും വിദേശ നിക്ഷേപകർക്ക് എല്ലാ സൗകര്യവും ഇന്ത്യയിൽ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. റിയാദിലെ കൊട്ടാരത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത നരേന്ദ്രമോദി ഇന്നലെ രാത്രിതന്നെ ഇന്ത്യയിലേക്ക് മടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here