വാളയാര്‍ പീഡനക്കേസ്; പ്രോസിക്യൂഷന്‍ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കോടതി വിധി

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസില്‍ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കോടതി വിധി. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധിയില്‍ പൊലീസ് അന്വേഷണത്തിലെ പാളിച്ചകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഹാജരാക്കിയ സാക്ഷികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത കോടതി സാഹചര്യത്തെളിവുകള്‍ മുഖവിലയ്ക്ക് എടുക്കാന്‍ കഴിയുന്നതല്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ട കേസാണ് ഇതെന്ന് കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

വാളയാറില്‍ ആദ്യം മരിച്ച കുട്ടിയുടേത് തൂങ്ങിമരണം തന്നെയാണെന്ന് കോടതിവിധിയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ലൈംഗീക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന് കരുതാനാകില്ലെന്നും കോടതി സൂചിപ്പിക്കുന്നു. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന പ്രതിഭാഗം വാദം പ്രോസിക്യൂഷന്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്നതാണ് പ്രോസിക്യൂഷന്റെ പ്രധാനവാദം. ഇക്കാര്യത്തില്‍ എഫ്‌ഐആര്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതായിരുന്നു. പക്ഷേ അത് ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകള്‍ മാത്രം ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളോ നിലനില്‍ക്കുന്ന സാക്ഷിമൊഴികളോ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. സാഹചര്യത്തെളിവുകളാകട്ടെ വിശ്വാസയോഗ്യമായത് വളരെ കുറവും. സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണ്. പൊലീസ് കെട്ടിച്ചമച്ച സാക്ഷികളാകാന്‍ സാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top