Advertisement

‘ആകാശഗംഗ 2’ നാളെ തീയറ്ററുകളിൽ

October 31, 2019
Google News 1 minute Read

‘ആകാശഗംഗ 2’ നാളെ തീയറ്ററുകളിലെത്തുന്നു. കേരളത്തിൽ 160 തീയറ്ററുകളിലും ബംഗളൂരുവിൽ 25 സ്‌ക്രീനുകളിലുമാണ് നാളെ റിലീസ്. ജിസിസിയിലും ചെന്നൈ, മുംബൈ, ഡൽഹി മുതലായ നഗരങ്ങളിലും അടുത്ത ആഴ്ചയാണ് സിനിമ റിലീസാവുക.

ആകാശഗംഗയുടെ ആദ്യഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിലും ഹൊററും കോമഡിയും ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. ശബ്ദസംവിധാനത്തിലും ഹൊററിന്റെ ദൃശ്യാവിഷ്‌കരണത്തിലുമൊക്കെ ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തൻ അനുഭവം പ്രദാനം ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനയൻ പറഞ്ഞു.

ഒരു കാലത്ത് മലയാളികളെ ഭീതിയിലാഴ്ത്തിയ ചിത്രമായിരുന്നു ആകാശഗംഗ. അന്തരിച്ച ചലച്ചിത്ര താരം മയൂരിയും, ദിവ്യാ ഉണ്ണിയും, മുകേഷും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമ അക്കാലത്തും ഇക്കാലത്തും പ്രേക്ഷകരെ പേടിപ്പിക്കുന്നു. സിത്താര ആലപിച്ച ആകാശഗംഗ 2- വിലെ ‘തീ തുടികളുയരെ’ എന്ന ഗാനം ഈ അടുത്താണ് പുറത്തിറങ്ങിയത്.

ആകാശഗംഗ 2 ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലർ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാണ് പുറത്തിറക്കിയത്.

സിനിമയിലെ നായകൻ വിഷ്ണു വിനയാണ്. പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ആകാശഗംഗയിലെ നായകൻ റിയാസും ചിത്രത്തിലുണ്ട്.

ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്. ബികെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. അഭിലാഷ് വിശ്വാനാഥാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here