കൈവശം വയ്ക്കാവുന്ന സ്വർണത്തിന് നിയന്ത്രണമേർപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്; നടപടി തെറ്റായ തീരുമാനമെന്ന് സാമ്പത്തിക വിദഗ്ധൻ ജോർജ് ജോസഫ്

വീട്ടിൽ വയ്ക്കാവുന്ന സ്വർണത്തിന് പരിധി ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഈ നിയമം നടപ്പിലായാൽ കണക്കിൽപ്പെടാത്ത സ്വർണം കൈവശംവയ്ക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കും. എന്നാൽ ഈ നടപടി നോട്ട് നിരോധനം പോലൊരു തെറ്റായ തീരുമാനമാണെന്ന് സാമ്പത്തിക വിദഗ്ധൻ ജോർജ് ജോസഫ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

നിശ്ചിത പരിധിയിൽ കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണത്തിന്റെ വിവരങ്ങൾ സർക്കാരിന് സമർപ്പിക്കണമെന്നാകും പുതിയ നിയമം. അതായത്, റിസീപ്റ്റ് ഇല്ലാതെ വാങ്ങിയ സ്വർണത്തിന് നികുതി കെട്ടണം. ഇത്തരത്തിൽ വാങ്ങിയ സ്വർണത്തിന്റെ 30 ശതമാനമാണ് നികുതിയായി കെട്ടേണ്ടി വരിക. എന്നാൽ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മുപ്പതിനായിരത്തിലധികം ടൺ സ്വർണം ഇന്ത്യയിലാകെ വീടുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതിൽ അനധികൃതമായി വാങ്ങിയവയുമുണ്ടാകും. ഇതിന് തടയിടാനാണ് സർക്കാരിന്റെ ഈ നടപടി.

Read Alsoസ്വർണക്കടത്തിനെ കുറിച്ച് വിവരം നൽകിയവർക്ക് ഈ വർഷം ലഭിച്ചത് 19.89 ലക്ഷം; ഒരു കിലോ സ്വർണം പിടിച്ചാൽ ലഭിക്കുക ഒന്നര ലക്ഷം

എന്നാൽ നമ്മുടെ രാജ്യത്ത് സ്വർണത്തിന്റെ രൂപത്തിലാണ് നിക്ഷേപങ്ങൾ. പൂർവികരുടെ സ്വത്തിന്റെ രൂപത്തിലും, വിവാഹാവശ്യങ്ങൾക്കുമെല്ലാം സ്വർണം നമുക്ക് ലഭിക്കാറുണ്ട്. അതിന്റെയെല്ലാം കണക്ക് ബോധിപ്പിക്കുക എന്നത് ഇന്ത്യൻ ജനതയെ സംബന്ധിച്ച് എളുപ്പമല്ലെന്ന് ജോർജ് ജോസഫ് പറയുന്നു. ഇത് വെളിപ്പെടുത്തി കൈവശമുള്ള സ്വർണത്തിന്റെ മുപ്പത് ശതമാനം സർക്കാരിന് നികുതിയായി നൽകുക എന്നത് പ്രായോഗികമല്ലെന്നും ജോർജ് ജോസഫ് പറയുന്നു.

സ്വർണത്തെ സുരക്ഷിത നിക്ഷേപമെന്ന രീതിയിലാണ് ഇന്ത്യൻ ജനത കാണുന്നത്. വിവാഹാവശ്യത്തിനായി നൂറ് പവൻ വരെ ജനം വാങ്ങിക്കാറുണ്ട്. ഇത് നികുതിയുടെ പരിധിയിൽ വരുന്നതോടെ സാധാരണക്കാരന് നികുതിയിനത്തിൽ മാത്രം നൽകേണ്ടി വരുന്നത് ഭീമമായ തുകയായിരിക്കും. എന്നാൽ സർക്കാർ ഇതിനെ കള്ളപ്പണമായാണ് കണക്കാക്കുന്നത്.

സർക്കാർ ഒരിക്കലും ഇത്തരം നടപടിയിലേക്ക് കടക്കരുതെന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായമെന്നും ജോർജ് ജോസഫ് പറയുന്നു. സാധാരണക്കാരന്റെ നിക്ഷേപങ്ങളെല്ലാം സ്വർണത്തിന്റെ രൂപത്തിലായിരിക്കും. 25,000 രൂപ വരുമാനമുള്ള ഒരു വ്യക്തി 5000 രൂപ ചെലവാക്കി നിക്ഷേപമെന്നോണം സ്വർണം വാങ്ങി വയ്ക്കും. ഈ കണക്കുകൾ സർക്കാരിന് മുമ്പാകെ വെളിപ്പെടുത്തി ഇതിനെ നികുതി പരിധിയിലാക്കുന്നത് ഇന്ത്യയിലെ നിക്ഷേപത്തെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ നിക്ഷേപത്തെ ബാധിക്കുമെന്ന് ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നു. ഇടത്തരക്കാരന്റെ കൈവശം വരുന്ന അയ്യായിരത്തിന്റെയോ പതിനായിരത്തിന്റെയോ അധികപണം സ്റ്റോക്ക് മാർക്കെറ്റിലോ മറ്റ് മേഖലകളിലോ നിക്ഷേപിക്കാൻ അവർക്കറിയില്ല. ഈ കുറഞ്ഞ പണം കൊണ്ട് ഭൂമി, റിയൽ എസ്റ്റേറ്റ് മേഖലകളിലൊന്നും നിക്ഷേപിക്കാനും സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് സ്വർണത്തിന്റെ രൂപത്തിൽ നിക്ഷേപങ്ങൾ ഇന്ത്യയിൽ ഉണ്ടാകുന്നത്. എന്നാൽ അതും നികുതി പരിധിയിൽ വരുന്നത് ഇന്ത്യയിലെ ജനങ്ങളുടെ നിക്ഷേപ താത്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top