കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്; സാമ്പത്തിക സംവരണ സാധ്യത പട്ടിക നാളെ പ്രസിദ്ധീകരിക്കും

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സാമ്പത്തിക സംവരണം നടപ്പിലാക്കിയ ശേഷമുള്ള ആദ്യ സാധ്യതാ പട്ടിക നാളെ പ്രസിദ്ധീകരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് നടത്തിയ പരീക്ഷകളുടെ സാധ്യതപട്ടികയാണ് പ്രസിദ്ധീകരിക്കുക. ഇന്റർവ്യൂ ഒഴിവാക്കി ഒഎംആർ പരീക്ഷയുടെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലാണ് സാധ്യതാ പട്ടിക തയാറാക്കിയിരിക്കുന്നത് എന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ പറഞ്ഞു.

183 പേർ പ്രധാന ലിസ്റ്റിലും 173 പേരെ ഉപലിസ്റ്റിലും ഉൾപ്പെടുത്തിയാണ് സാധ്യതാ പട്ടിക തയാറാക്കിയിരിക്കുന്നത്. നിലവിൽ സംവരണം ഇല്ലാത്ത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഉണ്ടാകും. കേരളത്തിൽ ഇതാദ്യമായാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. നിലവിലുള്ളതിനേക്കാൾ 8 ശതമാനം സംവരണം അധികമായി നൽകിയിട്ടുണ്ടെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ പറഞ്ഞു.

സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സർക്കാർ കഴിഞ്ഞ വർഷം അനുവാദം നൽകിയെങ്കിലും സാമ്പത്തിക പിന്നോക്കാവസ്ഥയുടെ സംസ്ഥാന മാനദണ്ഡം നിലവിൽ വരാത്തതിനാൽ ദേവസ്വം ബോർഡിന് തനതായി മാനദണ്ഡം തയ്യാറാക്കേണ്ടി വന്നു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തന്നെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചരിത്രത്തിലാദ്യമായി സംവരണം നടപ്പാക്കിയതായും രാജഗോപാലൻ നായർ അറിയിച്ചു. റിക്രൂട്ട്‌മെന്റ് ബോർഡിൽ 68:32 എന്ന നിലവിലെ സംവരണക്രമം 50:50 ആക്കുവാനും തീരുമാനിച്ചു.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം, ഈഴവ സമുദായാംഗങ്ങൾക്ക് 17 ശതമാനം, പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 12, മറ്റ് പിന്നോക്കക്കാർക്ക് 6, വിശ്വകർമ്മ വിഭാഗത്തിന് 3 ശതമാനം, ധീവര, ഹിന്ദു നാടാർ വിഭാഗങ്ങൾക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് സംവരണം ലഭിക്കുക. ഇതുവരെ ആകെ 1748 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിൽ നിന്ന് 621 പേരെ വിവിധ ദേവസ്വം ബോർഡുകളിലേക്ക് നിയമനത്തിനായി ശുപാർശ ചെയ്ത് കഴിഞ്ഞതായും രാജഗോപാലൻ നായർ മാധ്യമങ്ങളെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top