കോളജ് മാറ്റ വിവാദം: പഠനം നിര്‍ത്തിയ വിദ്യാര്‍ഥിനിക്ക് സര്‍ക്കാര്‍ സഹായം ഒരുക്കും: കെ ടി ജലീല്‍

കോളജ് മാറ്റ ഉത്തരവിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മനംനൊന്ത് പഠനം നിര്‍ത്തിയ ബിരുദ വിദ്യാര്‍ഥിനിക്കു പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്നു മന്ത്രി കെ.ടി.ജലീല്‍. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. മന്ത്രി കെ ടി ജലീല്‍ ഇടപെട്ടതിനെ തുടര്‍ന്ന് ചേര്‍ത്തല എന്‍എസ്എസ് കോളജില്‍ നിന്നും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലേക്കു മാറ്റം ലഭിച്ച വിദ്യാര്‍ത്ഥിനിയാണ് വിവാദങ്ങളെത്തുടര്‍ന്നാണ് പഠനം ഉപേക്ഷിച്ചത്. വിദ്യാര്‍ത്ഥിനി കേരള സര്‍വകലാശാലയ്ക്ക് നല്‍കിയ കത്ത് ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം അംഗീകരിച്ചിരുന്നു.

അച്ഛന്‍ ഉപേക്ഷിക്കുകയും അമ്മ കാന്‍സര്‍ ബാധിച്ചു മരിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് സര്‍ക്കാര്‍ കോളജ് മാറ്റം അനുവദിച്ചത്. മാര്‍ക്ക്ദാന വിവാദത്തിനിടെ ഈ ഉത്തരവും ചര്‍ച്ചയായി. ഇതോടെയാണ് പഠനം ഉപേക്ഷിക്കുന്നുവെന്നറിയിച്ച് വിദ്യാര്‍ത്ഥിനി കത്ത് നല്‍കിയത്.

ഓരോ ദിവസവും ആറു മണിക്കൂര്‍ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ വിമന്‍സ് കോളേജിലേക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വിവാദമായി.

വിദ്യാര്‍ത്ഥിനിക്ക് സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റില്‍ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ആന്‍ഡ് വെബ് ഡിസൈനിംഗ് കോഴ്‌സിന് ചേര്‍ന്നു പഠിക്കാന്‍ അവസരം ഒരുക്കും. അടുത്ത അദ്ധ്യായന വര്‍ഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജില്‍ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top