മാവോയിസ്റ്റുകളുടെ മരണം അകലെ നിന്നുള്ള വെടിയേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മരണം അകലെ നിന്നുള്ള വെടിയേറ്റാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. അതേസമയം, മരിച്ച മാവോയിസ്റ്റുകളുടെ ബന്ധുക്കൾ പൊലീസിനെതിരെ കോടതിയെ സമീപിച്ചു.

കൊല്ലപ്പെട്ട നാല് പേർക്ക് നേരേയും വെടിയുതിർത്തത് നിശ്ചിത ദൂരപരിധിക്ക് പുറത്തു നിന്നാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്. അവസാനം പോസ്റ്റ്‌മോർട്ടം നടത്തിയ മണിവാസകന്റെ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ശിരസിലാണ് ഒരു വെടിയുണ്ട ഉണ്ടായിരുന്നത്. മറ്റ് രണ്ടെണ്ണം ശരീര ഭാഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ ശരീരത്തിൽനിന്ന് 5 തിരകൾ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയിൽ ഉൾപ്പെടെ ഇവരുടെ ശരീരത്തിൽ വെടിയേറ്റതിന്റെ നിരവധി മുറിവുകളുമുണ്ട്. വെടിവെപ്പിൽ കാർത്തിക്കിന്റെ ഇടത് കൈപ്പത്തി തകർന്നതായും വലത് നെഞ്ചിലൂടെ വെടിയുണ്ട കടന്ന് പോയതായും വ്യക്തമായിട്ടുണ്ട്.

അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹം കാണുന്നതിന് ഇന്ന് ബന്ധുക്കൾക്ക് അനുമതി ലഭിച്ചില്ല. ഇതിനായി തൃശൂർ റേഞ്ച് ഡി ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും ഇവർ അപേക്ഷ നൽകും. ഇതിനിടെ മണിവാസകത്തിന്റെ മൃതശരീരം സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ബന്ധു ഹർജി സമർപ്പിച്ചു. ജയിലിലുള്ള മണിവാസകത്തിന്റെ ഭാര്യക്കും മകൾക്കും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പരോൾ ലഭിക്കും വരെ തുടർ നടപടികൾ തടയണം എന്നാണ് ആവശ്യം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ടും ബന്ധുക്കൾ കോടതിയെ സമീപിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top