പുതിയ പാലാരിവട്ടം പാലത്തിന് മെട്രോ മാൻ നൂറ് വർഷം ഉറപ്പ് നല്കിയെന്ന് മന്ത്രി ജി സുധാകരൻ

പുതിയ പാലാരിവട്ടം പാലത്തിന് മെട്രോ ഉപദേശകൻ ഇ ശ്രീധരന്റെ നൂറ് വർഷം ഗ്യാരന്റി. ശ്രീധരൻ നൂറ് വർഷം ഗ്യാരന്റി ഉറപ്പ് നൽകിയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു.
പാലാരിവട്ടം മേൽപാലത്തിന്റെ പണി ഒരു വർഷം കൊണ്ട് പൂർത്തിയാകും. ചെലവ് വരുന്നത് 18 കോടി രൂപയാണ്. ഡിഎംആർസിയെ നിർമ്മാണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് ചെയ്ത പദ്ധതികളുടെ പണം ബാക്കിയുള്ളതിനാൽ ഡിഎംആർസിക്ക് ഇപ്പോൾ പണം നൽകേണ്ടതില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എം സ്വരാജിന്റെ സബ്മിഷന് മറുപടിയായാണ് ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്.
കാർബൺ ഫൈബർ റാപ്പിങ്ങ് സാങ്കേതിക വിദ്യയിൽ പാലത്തിന്റെ തകരാറുകൾക്ക് താൽക്കാലിക പരിഹാരമുണ്ടാക്കാമെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കാർബൺ ഫൈബർ റാപ്പിങ് സാങ്കേതിക വിദ്യ 10 വർഷത്തേക്കുള്ള താൽക്കാലിക പരിഹാരം മാത്രമാണെന്നും അതുകൊണ്ടാണ് പുതിയ പാലം പണിയുന്നതെന്നും മന്ത്രി പറഞ്ഞു.
പാലത്തിന്റെ ഡിസൈൻ മുതൽ ക്രമക്കേടുണ്ടായെന്ന് ഐഐടി റിപ്പോർട്ടിൽ പറയുന്നുണ്ട്. അഴിമതിക്കേസിൽ വിജിലൻസ് കർശനമായ അന്വേഷണമാണ് നടത്തുന്നത്. അന്വേഷണം തികച്ചും നിഷ്പക്ഷവും നിയമപ്രകാരവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here