ഇന്ന് ഭാരതത്തിന്റെ ഉരുക്ക് മനുഷ്യന്റെ ജന്മദിനം: സർദാർ പട്ടേലിന്റെ ഓർമകൾക്ക് 144 വയസ്

രാജ്യത്തെ ഏകീകരിച്ച സർദാർ വല്ലഭായി പട്ടേലിന്റെ 144ാം ജന്മദിനം ഇന്ന്. രാജ്യം രാഷ്ട്രീയ ഏകതാ ദിനമായാണ് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ തന്നെ മാറ്റി നിർത്താനാകാത്ത അധ്യായമാണ്  ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന പട്ടേലിന്റെ സംഭാവനകൾ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പട്ടേലാണ്.

1875 ഒക്ടോബർ 31 ന് ഗുജറാത്തിൽ ജനിച്ച പട്ടേൽ അഭിഭാഷകനായി കഴിവ് തെളിയിച്ചതിന് ശേഷം സ്വാതന്ത്ര്യ സമരം നയിക്കാൻ ഇറങ്ങി പുറപ്പെട്ടു. ധീര ദേശാഭിമാനിയായിരുന്നു പട്ടേൽ. തലവൻ എന്നുദ്ദേശിക്കുന്ന ‘സർദാർ’ എന്ന വിശേഷണം അർഹിക്കുന്ന മനുഷ്യൻ തന്നെ ആയിരുന്നു അദ്ദേഹം.

ഹിന്ദു മഹാസഭയും ആർഎസ്എസും ഉണ്ടായിരുന്ന സമയത്തും കോൺഗ്രസിനൊപ്പമായിരുന്നു സർദാർ വല്ലഭായ് പട്ടേൽ നിലകൊണ്ടത്. മരണം വരെ അദ്ദേഹം കോൺഗ്രസുകാരൻ ആയിരുന്നു.

നെഹ്റുവുമായും ഗാന്ധിയുമായും പല കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ ബഹുസ്വരതയിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു സർദാർ പട്ടേൽ. 1950 ഡിസംബർ 15ന് അന്തരിച്ച പട്ടേലിനെ 1991ൽ രാഷ്ട്രം മരണാനന്തര ബഹുമതിയായി ഭാരത രത്‌ന നൽകി ആദരിച്ചു.

നെഹ്റുവിന്റെ പ്രഭക്ക് മുന്നിൽ മങ്ങിപ്പോയി പട്ടേൽ എന്ന് പറയാമെങ്കിലും ഇന്ത്യാ ചരിത്രത്തിൽ പട്ടേലിന്റെ സ്ഥാനം മറ്റാർക്കും അവകാശപ്പെട്ടതല്ല. സ്വതന്ത്ര ഇന്ത്യയുടെ ഏകീകരണത്തിലും ഉരുക്കുമനുഷ്യന്റെ നിശ്ചയദാർഢ്യം ഉയർന്ന് കാണാൻ സാധിക്കും. 565ൽ അധികം വരുന്ന സ്വയംഭരണ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

വിപുലമായ ആഘോഷ പരിപാടികളാണ് പട്ടേലിന്റെ 144ാം ജന്മവാർഷികത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഐക്യം ആശയമാക്കി സംഘടിപ്പിച്ച കൂട്ടയോട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഫ്‌ളാഗ് ഓഫ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top