Advertisement

ഇതാണ് ആ വൈറൽ പൂച്ച മീമിന്റെ കഥ; ചിത്രങ്ങൾ

October 31, 2019
Google News 1 minute Read

കുറച്ച് നാളുകളായി നമ്മുടെ ടൈംലൈനിൽ പ്രത്യക്ഷപ്പെടുന്ന ഒരു മീമുണ്ട്. ഒരു യുവതി കൈ ചൂണ്ടി ദേഷ്യപ്പെടുന്നതും ഒരു പൂച്ച ഡൈനിംഗ് ടേബിളിൽ, ഭക്ഷണ പാത്രത്തിനു മുന്നിൽ അന്തം വിട്ടിരിക്കുന്നതുമാണ് മീമിലുള്ളത്. നമ്മൾ പലരും മീം കണ്ട് ആർത്ത് ചിരിച്ചു. അത് പങ്കു വെച്ചു. എന്നാൽ ഈ പൂച്ചയുടെയും മീമിൻ്റെയും കഥ അറിയാമോ?

ഈ പൂച്ചയുടെ പേര് സ്മഡ്ജ് എന്നാണ്. മീമിൽ കൂടെയുള്ള യുവതിയുമായി സ്മഡ്ജിന് യാതൊരു ബന്ധവുമില്ല. ‘ദ് റിയൽ ഹൗസ്‌വൈവ്സ് ഓഫ് ബെവർലി ഹിൽസ്’ എന്ന യുഎസ് ടിവി സീരീസിലെ അഭിനേതാവ് ടെയ്‌ലർ ആംസ്ട്രോംഗാണ് അത്.

മിറാൻഡ എന്ന 24കാരിയായ ശില്പിയാണ് സ്മഡ്ജിൻ്റെ ഉടമ. കനേഡിയൻ സ്വദേശിനിയാണ് മിറാൻഡ. സ്മഡ്ജിന് ഏകദേശം ആറു വയസ്സുണ്ടെന്നാണ് മിറാൻഡ പറയുന്നത്. “അവൻ വലിയ നാണക്കാരനാണ്. പക്ഷേ, അടുത്താൽ അവന് നല്ല സ്നേഹവുമാണ്. എന്നെ പിന്തുടരുക എന്നതാണ് അവൻ്റെ ഹോബി.”- മിറാൻഡ പറയുന്നു.

ഡിന്നർ ടേബിളിൽ സ്മഡ്ജിന് എപ്പോഴും ഒരു കസേര ഉണ്ടാവുമെന്ന് മിറാൻഡ പറയുന്നു. അവനു കസേര ഇട്ടിട്ടില്ലെങ്കിൽ അവൻ മാറ്റാരുടെയെങ്കിലും കസേര കയ്യടക്കും. അതുപോലെ മറ്റാർക്കോ ഇട്ടിരുന്ന കസേരയിൽ ഇരുന്നപ്പോഴാണ് മീമിലെ ചിത്രം എടുത്തത്. അവന് വെജിറ്റബിൾ സാലഡ് ഇഷ്ടപ്പെട്ടില്ല. അപ്പോഴായിരുന്നു ആ ചിത്രം എടുത്തത്. ചിത്രം ആദ്യം ടംബ്ലറിലാണ് അപ്ലോഡ് ചെയ്തത്. പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോഴാണ് അത് വൈറലായത്.

മെയ് മാസത്തിൽ ഒരു ട്വിറ്റർ ഹാൻഡിലാണ് ഈ രണ്ട് ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒരു മീമാക്കി പങ്കുവെക്കുന്നത്. ആ മീം വളരെ വേഗം ഹിറ്റായി. രണ്ട് മാസങ്ങൾക്കുള്ളിൽ 78,900 തവണ റീട്വീറ്റ് ചെയ്യപ്പെട്ട ഈ മീമിന് 276,800 ലൈക്കുകളും ലഭിച്ചു. പിന്നീട് മീം ആയി സ്മഡ്ജ് അതിർത്തി ഭേദങ്ങൾ കീഴടക്കാൻ തുടങ്ങി. തൻ്റെ പൂച്ച വൈറലാവുന്നത് കണ്ടതോടെ അവനു വേണ്ടി ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ടാക്കാൻ മിറാൻഡ തീരുമാനിച്ചു.

‘സ്മഡ്ജ് ലോർഡ്’ എന്ന ഇൻസ്റ്റഗ്രാം പേജിന് ഇപ്പോൾ 10 ലക്ഷത്തോളം ഫോളോവേഴ്സാണ് ഉള്ളത്. ‘സ്മഡ്ജ്-ടേബിൾ ക്യാറ്റ്’ എന്ന വിശദീകരണമുള്ള ഈ പ്രൊഫൈലിൽ പൂച്ചക്ക് സസ്യാഹാരം ഇഷ്ടമല്ലെന്നും എഴുതിയിട്ടുണ്ട്. അതിൽ വലിയ അത്ഭുതമില്ലല്ലേ!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here