ബിനീഷ് ബാസ്റ്റിനോട് മാപ്പ് പറഞ്ഞ് പാലക്കാട് മെഡിക്കൽ കോളജ് യൂണിയൻ ചെയർമാൻ

നടൻ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തിയ വേദിയിൽ പങ്കെടുക്കില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞ സംഭവത്തിൽ ബിനീഷിനോട് മാപ്പ് പറഞ്ഞ് മെഡിക്കൽ കോളജ് യൂണിയൻ. സംഭവം നടന്നത് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലായിരുന്നു. കോളജ് യൂണിയൻ ചെയർമാൻ കെ വൈഷ്ണവ് ട്വന്റിഫോറിനോടാണ് ഇക്കാര്യം പറഞ്ഞത്.

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ വൈഷ്ണവ് ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ മുന്നിൽ അവസരം ചോദിച്ചു വന്ന ആൾക്കൊപ്പം വേദി പങ്കിടാനാവില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ പരിപാടിക്ക് മുമ്പ് പറഞ്ഞിരുന്നു. ഈ പ്രതികരണം ബിനീഷിനെ അറിയിച്ചിരുന്നെന്നും കുഴപ്പമില്ല, സംവിധായകൻ പോയ ശേഷം താൻ വരാമെന്നാണ് അന്ന് ബിനീഷ് പറഞ്ഞതെന്നും വൈഷ്ണവ് വ്യക്തമാക്കി. സംഭവശേഷം വിദ്യാർത്ഥികൾ പിന്തുണച്ചത് ബിനീഷിനെയായിരുന്നുവെന്നും കോളജ് യൂണിയൻ ചെയർമാൻ കൂട്ടിച്ചേർത്തു.

കോളജ് ഡേയിൽ നടൻ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചിരുന്നത്. മാഗസിൻ റിലീസിന് സംവിധായകൻ അനിൽ രാധാകൃഷ്ണനെയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ നിലപാടെടുത്തതോടെ സംഘാടകർ കുഴങ്ങി.

അനിൽ രാധാകൃഷ്ണൻ മേനോന്റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് ഡേ വേദിയിൽ കയറി സ്റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top