പട്ടിയോട് കാണിക്കുന്ന പരിഗണനപോലും ഉണ്ടായിരുന്നില്ല; ഏറ്റവും അധികം അപമാനിച്ചത് പ്രിൻസിപ്പൽ’: ബിനീഷ് ബാസ്റ്റിൻ

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് തനിക്കേറ്റത് വലിയ അപമാനമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ. തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. കൂലി പണിയെടുത്ത് ജീവിക്കുന്നവനാണ് താൻ. സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമിച്ചാൽ കൂലിപ്പണിക്ക് പോകുമെന്നും ബിനീഷ് ട്വന്റിഫോറിനോട് പറഞ്ഞു.

ഉദ്ഘാടന ദിവസം ഇടുക്കിയിൽ നിന്നാണ് താൻ പാലക്കാട് എത്തിയത്. വൈകീട്ട് 6.30 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. തനിക്ക് വേണ്ടി ഒരു മുറി തയ്യാറാക്കിയിരുന്നു. ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപ് ചെയർമാനും കുട്ടികളും വന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. മടിയോടെയാണ് അവർ കാര്യം അവതരിപ്പിച്ചത്. ബിനീഷ് ഉണ്ടെങ്കിൽ വേദി പങ്കിടാൻ ബുദ്ധിമുട്ടുണ്ടെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി ചെയർമാൻ പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കാരണമെന്ന് ചോദിച്ചു. തന്നോട് ചാൻസ് ചോദിച്ച് നടന്ന, താഴേക്കിടയിൽ നിന്ന് വന്ന ഒരാൾക്കൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്ന് സംവിധായകൻ പറഞ്ഞതായാണ് അവർ തന്നോട് വ്യക്തമാക്കിയത്. തുടർന്നാണ് വേദിയിലെത്തി പ്രതിഷേധിച്ചതെന്നും ബിനീഷ് പറഞ്ഞു.

ഏറ്റവും അധികവും അപമാനിച്ചത് പ്രിൻസിപ്പലാണ്. കോളജിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പട്ടിയോട് കാണിക്കുന്ന പരിഗണന പോലും ഉണ്ടായിരുന്നില്ല. ആരെയും അപമാനിക്കാൻ വേണ്ടിയല്ല വേദിയിൽ കയറിയത്. തറയിൽ നിന്ന് വന്ന ആളാണ് താൻ. അതുകൊണ്ടാണ് തറയിൽ ഇരുന്ന് പ്രതിഷേധിച്ചത്. മനുഷ്യനെ മനുഷ്യനായി തന്നെ കാണണം. ഇതിന്റെ പേരിൽ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചാൽ കൂലിപ്പണിക്ക് പോകും. വിജയ് സാറിനൊപ്പം തെരി എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ആളുകൾ അംഗീകരിച്ച് തുടങ്ങിയത്. ഇരുന്നൂറിലധികം കോളജുകളിൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു അനുഭവം ആദ്യമാണെന്നും ബിനീഷ് കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top