ഇന്ത്യൻ വനിതകൾ വെസ്റ്റ് ഇൻഡീസിനെതിരെ; ഇന്ന് ആദ്യ മത്സരം

ഇന്ത്യൻ വനിതകളുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുക. ആൻ്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം.
ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പര തൂത്തു വാരിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരിശീലനത്തിനിടെ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായിരുന്ന ഓപ്പണർ സ്മൃതി മന്ദന ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. മന്ദനയുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ കളിച്ച പ്രിയ പുനിയ ടീമിൽ ഉണ്ടാവുമോ എന്ന് കണ്ടറിയണം. പരമ്പരയിലെ ആദ്യ മത്സരത്തിൽ പ്രിയ പുനിയ അർധസെഞ്ചുറി നേടിയിരുന്നു.
Read Also: ദിവസ വേതനം കിട്ടിയില്ലെങ്കിലെന്താ; വിൻഡീസിൽ അടിച്ചു പൊളിച്ച് ഇന്ത്യൻ വനിതാ താരങ്ങൾ
3 ഏകദിനങ്ങളും 5 ടി-20കളും അടങ്ങിയ പര്യടനമാണ് ഇന്ത്യക്ക് വിൻഡീസിനെതിരെ ഉള്ളത്. നവംബർ 20ന് പര്യടനം അവസാനിക്കും.
പര്യടനത്തിനായി വെസ്റ്റ് ഇൻഡീസിലെത്തിയ ഇന്ത്യൻ താരങ്ങൾ വിൻഡീസ് ബീച്ചുകൾ ആസ്വദിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരങ്ങൾ തന്നെ പുറത്തുവിട്ടിരുന്നു. ദിവസവേതനം ലഭിക്കുന്നില്ലെന്ന വാർത്തകൾക്കിടെയാണ് കരീബിയൻ ബീച്ചിൽ അടിച്ചു പൊളിക്കുന്ന തങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കു വെച്ചത്. ഓപ്പണർ പ്രിയ പുനിയ, വിക്കറ്റ് കീപ്പർ സുഷമ വെർമ, ടോപ്പ് ഓർഡർ താരം പൂനം റാവത്ത് എന്നിവരാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here