പിന്തിരിപ്പൻ വഴിയിലേക്ക് പോയവർ നവോത്ഥാന സമിതിയിലേക്ക് മടങ്ങി വരണം; എൻഎസ്എസിനെതിരെ ഒളിയമ്പെയ്ത് മുഖ്യമന്ത്രി

എൻഎസ്എസിനെതിരെ ഒളിയമ്പെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന ചരിത്രത്തിൽ പണ്ട് പങ്കുവഹിച്ച ശേഷം പിന്തിരിപ്പൻ വഴിയിലേക്ക് പോയവർ നവോത്ഥാന സമിതിയിലേക്ക് മടങ്ങി വരണമെന്ന് പിണറായി പറഞ്ഞു. കാലാനുസൃതമായി നവീകരിക്കാൻ തയ്യാറാവാത്ത സംഘടനകൾ വരും കാലങ്ങളിൽ അസാധു ആയി മാറുമെന്നും പിണറായി പരിഹസിച്ചു.
നവോത്ഥാന മൂല്യ സംരക്ഷണ സമിതി തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിലായിരുന്നു എൻഎസ്എസിനെതിരെ പിണറായിയുടെ ഒളിയമ്പ്. ഒരു സമുദായവും മറ്റൊരു സമുദായത്തിന്റെ ശത്രുവല്ല. എല്ലാ സമുദായത്തിലും സാധരണക്കാരും പരമദരിദ്രരും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളിൽ നിന്നാണ് നവോത്ഥാനത്തിന്റെ ആദ്യ ചെറുത്തു നിൽപ്പുകൾ ഉണ്ടായത്. എന്നാൽ പലരും ഇന്ന് അത് സൗകര്യപൂർവ്വം മറക്കുന്നതായും പിണറായി കുറ്റപ്പെടുത്തി.
നവോത്ഥാനം ഒരു പ്രത്യേക കാലത്ത് പൊട്ടി മുളക്കുകയും അടുത്ത് തന്നെ പൊലിഞ്ഞ് പോവുകയും ചെയ്യുന്ന ഒന്നല്ല. സാമൂഹികമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കും വരെ സമിതിക്ക് പ്രസക്തിയുണ്ടെന്നും പിണറായി പറഞ്ഞു. ആദ്യ കാലങ്ങളിൽ നവോത്ഥാന മൂല്യങ്ങളെ എതിർത്തവർ ഇന്ന് ചരിത്രത്തിലെവിടെയും ഇല്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.