സ്ലോ പിച്ചിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; ബംഗ്ലാദേശിന് 149 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ ആദ്യ ടി-20യിൽ ബംഗ്ലാദേശിന് 149 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഡൽഹിയിലെ സ്ലോ ട്രാക്കിൽ ബാറ്റിംഗ് തകർച്ച നേരിട്ടതാണ് ഇന്ത്യക്ക് വിനയായത്. 41 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനായി ഷഫിയുൽ ഇസ്ലാമും അമിനുൽ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആ ഓവറിലെ അവസാന പന്തിൽ തന്നെ പുറത്തായി. ഷഫിയുൽ ഇസ്ലാമിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്താവുമ്പോൾ രണ്ട് ബൗണ്ടറികൾ സഹിതം 9 റൺസായിരുന്നു രോഹിതിൻ്റെ സമ്പാദ്യം. മൂന്നാം നമ്പറിലിറങ്ങിയ രാഹുൽ രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 17 പന്തുകളിൽ 15 റൺസെടുത്ത രാഹുൽ അമീനുൽ ഇസ്ലാമിൻ്റെ പന്തിൽ മഹ്മൂദുല്ലക്ക് പിടി നൽകി മടങ്ങി.

മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയ്യർ ഇറങ്ങിയതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിനു ജീവൻ വെച്ചത്. രണ്ട് കൂറ്റൻ സിക്സറുകളുമായി ബാറ്റിംഗ് ഈസിയാക്കിയ അയ്യർ ധവാനൊപ്പം മൂന്നാം വിക്കറ്റിൽ 34 റൺസ് കൂട്ടിച്ചേർത്തു. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയ ധവാനും മെല്ലെ ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. പതിനൊന്നാം ഓവറിൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. അമീനുൽ ഇസ്ലാമിനെ സിക്സർ പറത്താൻ ശ്രമിച്ച അയ്യർ ലോംഗ് ഓഫിൽ മുഹമ്മദ് നയിമിൻ്റെ കൈകളിൽ അവസാനിച്ചു. 13 പന്തുകളിൽ 22 റൺസെടുത്താണ് അയ്യർ മടങ്ങിയത്.

അഞ്ചാം വിക്കറ്റിൽ ശിഖർ ധവാനും ഋഷഭ് പന്തും ചേർന്ന സഖ്യത്തിനും സ്കോറിംഗ് എളുപ്പമായില്ല. 25 റൺസ് നീണ്ട കൂട്ടുകെട്ട് ശിഖർ ധവാനെ റണ്ണൗട്ടാക്കി മഹ്മൂദുല്ല തകർത്തു. പുറത്താകുമ്പോൾ 42 പന്തുകളിൽ നിന്ന് 41 റൺസായിരുന്നു ധവാൻ്റെ സമ്പാദ്യം. പുതുമുഖം ശിവം ദുബേ (1) വേഗം മടങ്ങി. അഫീഫ് ഹുസൈൻ സ്വന്തം ബൗളിംഗിൽ ദുബേയെ പിടികൂടി. ഇന്നിംഗ്സ് അവസാനത്തിൽ കൂറ്റനടിക്ക് ശ്രമിച്ച ഋഷഭ് പന്ത് ഷഫിയുൽ ഇസ്ലാമിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 26 പന്തുകളിൽ 27 റൺസാണ് പന്ത് മടങ്ങിയത്.

അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ കൃണാൽ പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറുമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. പാണ്ഡ്യ 15 റൺസും വാഷിംഗ്ടൺ സുന്ദർ 14 റൺസുമെടുത്ത് പുറത്താവാതെ നിന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More